
ഇരിട്ടി: കണിച്ചാർ മേഖലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തും. ഇന്നലെ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റോയോഗത്തിലാണ് തീരുമാനം. കണിച്ചാർ പഞ്ചായത്തിലെ രണ്ട് പാറമടകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാനും യോഗത്തിൽ തീരുമാനമായി.
എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയ ഏജൻസികളുടെ പഠനത്തിന് വിധേയമായി മാത്രമേ ശ്രീലക്ഷ്മി, ന്യൂ ഭാരത് എന്നീ പാറമടകൾക്ക് അനുമതി നൽകുകയുള്ളു.ഉരുൾപൊട്ടലിൽ തകർന്ന വെള്ളറ പണിയ കോളനി, മേലെ വെള്ളറ കുറിച്യ കോളനി എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ തകർന്ന പാലങ്ങൾ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മുഖാന്തിരം പുനർനിർമ്മിക്കും. മേഖലയിൽ ഉരുൾ പൊട്ടലിൽ തകർന്നതും ഉപയോഗ്യശൂന്യമായതുമായ മറ്റു പാലങ്ങൾ അതതു വകുപ്പുകളുടെ മേൽനോട്ടത്തിൽ പുനർനിർമ്മിക്കും.ഇതിനായി എസ്റ്റിമേറ്റ് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്, പൊതുമരാമത്ത് പാലങ്ങൾ എന്നീ വകുപ്പുകൾക്കായിരിക്കും എസ്റ്റിമേറ്റ് സമർപ്പിക്കാനുള്ള ചുമതല.കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ആന്റണി സെബാസ്റ്റിയൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നഷ്ടപരിഹാരകണക്ക് സർക്കാരിലേക്ക് 
ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ഭൂമിയുടെ തോത് കണക്കാക്കി നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നിർദേശം സർക്കാറിലേക്ക് സമർപ്പിക്കും കണക്ക് ലഭ്യമാക്കാനായി റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും.ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാനുള്ള നിർദേശവും യോഗം അംഗീകരിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് വെള്ളവും ചെളിയും കയറിയ വീടുകൾക്കുള്ള ദുരിതാശ്വാസ അപേക്ഷകളിൽ നിരസിക്കപ്പെട്ടവയുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് നടപടി സ്വീകരിക്കാൻ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി.
മറ്റ് തീരുമാനങ്ങൾ
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രാദേശിക തല യോഗം
ജില്ലയിലെ പുഴകളിലെ മണലും മറ്റ് അവശിഷ്ടങ്ങളുടേയും വില അംഗീകരിച്ചു
ഇലേലം നടത്തിയതിനു ശേഷം ജിയോളജി വകുപ്പ് ട്രാൻസിറ്റ് പാസ് അനുവദിക്കും