
തൃക്കരിപ്പൂർ: ദോഹയിലെ അൽബയ്ത്ത് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 22ാ മത് ലോകഫുട്ബാൾ മാമാങ്കത്തിന് വിസിലുയരുന്നതിന് മുമ്പെ ആവേശത്തിന്റെ ഉച്ചസ്ഥായിയിലാണ് എടാട്ടുമ്മൽ ആലുംവളപ്പ്. ഇന്ത്യൻ ഫുട്ബാളിൽ കരുത്തുകാട്ടിയ നിരവധി താരങ്ങളെ സംഭാവന ചെയ്ത തൃക്കരിപ്പൂരിലെ ഈ ഗ്രാമം വിളംബര ജാഥ സംഘടിപ്പിച്ചാണ് ഉദ്ഘാടനദിനത്തെ ആവേശത്തിലാഴ്ത്തിയത്.
ബ്രസീൽ ഫാൻസ് ഒരുക്കിയ നെയ്മറുടെ കൂറ്റൻ കട്ടൗട്ടാണ് ആലുംവളപ്പിന്റെ ഒരു ആകർഷണ കേന്ദ്രം. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെയുള്ള എല്ലാ കളികളും ആലും വളപ്പിലെ വലിയ സ്ക്രീനിൽ കാണാനുള്ള സൗകര്യം എടാട്ടുമ്മൽ റെഡ് സ്റ്റാർ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ബ്രസീലിന്റെയും അർജന്റിനയുടെയും പതാകകൾ കൊണ്ട് മുങ്ങിനിൽക്കുകയാണ്ഇവിടം.തങ്കയം, ബീരിച്ചേരി, ഒളവറ , ഇളമ്പച്ചി , ഉദിനൂർ, തുടങ്ങിയ പ്രദേശങ്ങളിലും ഫുട്ബാൾ ആവേശം ബാനറുകളും കട്ടൗട്ടുകളുമായി പ്രത്യക്ഷമാണ്.
എടാട്ടുമ്മൽ സുഭാഷ് ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഡ്രീംസ് വനിതാ ഫുട്ബാൾ അക്കാഡമിയുടെ സഹകരണത്തോടെ നടന്ന ഞങ്ങളും ഖത്തറിലേക്ക് വിളംബര ജാഥയും ഉദ്ഘാടനദിനത്തെ ആവേശത്തിലാഴ്ത്തി. ഇരു അക്കാഡമികളിലെയും കുട്ടികളാണ് വിവിധ രാജ്യങ്ങളുടെ പതാകയും പ്ലേ കാർഡും ഫുട്ബാളുമേന്തി അണിനിരന്നത്. അക്കാഡമി ഭാരവാഹികളും പരിശീലകരും മുതിർന്ന കളിക്കാരും വിളംബരജാഥയെ അനുഗമിച്ചു. ആലും വളപ്പിൽ നിന്നും ആരംഭിച്ച ജാഥ തൃക്കരിപ്പൂർ ടൗൺ ചുറ്റി തിരിച്ചെത്തുകയായിരുന്നു.