കാഞ്ഞങ്ങാട് : നയപരവും രാഷ്ട്രീയവുമായ കാരണങ്ങൾ കൊണ്ട് കോൺഗ്രസിൽ തുടർന്ന് പോകാനാവില്ലെന്ന നിലപാട് സ്വീകരിച്ച് സി.പി.എമ്മുമായി സഹകരിക്കുന്നു എന്നുള്ളതാണ് അഡ്വ. സി.കെ ശ്രീധരന്റെ രാഷ്ട്രീയമാറ്റത്തിന്റ പ്രത്യേകതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എമ്മിൽ ചേർന്ന അഡ്വ. സി.കെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ കാഞ്ഞങ്ങാട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന വിഷയത്തിൽ വലിയ ഉൽക്കണ്ഠയാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. 2024ൽ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു രാഷ്ട്രീയ യുദ്ധം നടക്കാൻ പോവുകയാണ്. 2024 ൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ ഭാവി തുലാസിലാകും. ആർ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്രവാദത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാം എന്നാണ് ബി ജെ പി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എം.വി.ഗോവിന്ദൻ അഡ്വ.സി.കെ.ശ്രീധരനെ രക്തഹാരണമണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതിഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ദിലീഷ് കുമാർ ,മുൻ വീക്ഷണം മാനേജർ കെ.വി.സുരേന്ദ്രൻ, അഡ്വ.ജോസ് , അഡ്വ.ശിവപ്രസാദ് എന്നിവരും ചടങ്ങിൽ വച്ച് സി.പി.എമ്മിലേക്ക് എത്തി .മുൻ എം.പി പി.കരുണാകരൻ, കെ.പി.അനിൽകുമാർ ,രതി കുമാർ ,എം.രാജ ഗോപാലൻ എം.എൽ.എ ,എ.കെ.നാരായണൻ, അഡ്വ. പി.അപ്പുകുട്ടൻ ,ബേബി ബാലകൃഷ്ണൻ , മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ ,വി.വി. രമേശൻ, വി. കെ.രാജൻ ,ജനാർദ്ദനൻ ,അഡ്വ.രാജ് മോഹൻ ,പി കെ. നിഷാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ടി ബി റോഡ് ജംഗ്‌ഷൻ മുതൽ സ്വീകരണ വേദി വരെ ബാൻ്റ് മേളത്തോടെയാണ് സി.കെ.യെ ആനയിച്ചത്.