'ഇത് ലോക നാടക ചരിത്രത്തിലെ അപൂർവ്വ കാഴ്ച'
മാണിയാട്ട്: കേരള സംഗീത നാടക അക്കാഡമി സെക്രട്ടറിയായി തിരഞ്ഞെടുത്ത കരിവെള്ളൂർ മുരളിക്ക് നാടക ഗ്രാമത്തിൽ ഉജ്വല സ്വീകരണം. മാണിയാട്ട് കോറസ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവ വേദിയിലാണ് സ്വീകരണമൊരുക്കിയത്.
മാണിയാട്ടെ നാടക ഗ്രാമം ലോക നാടക ചരിത്രത്തിലെ തന്നെ അപൂർവ പ്രതിഭാസമാണെന്ന് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുരളി പറഞ്ഞു. നാടകം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തുക മാത്രമല്ല അനുബന്ധമായി ഒട്ടേറെ പരിപാടികൾ സംഘടിച്ചു ഉത്സവപ്രതീതി ഉണ്ടാക്കുന്ന അനുഭവം മറ്റൊരു നാട്ടിലും കാണാൻ കഴിയാത്തതാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പം നിൽക്കുന്ന കലയാണ് നാടകം. നാടിൻറെ മൂല്യബോധത്തിന്റെ തെളിവാണ് ഈ കലയെ സ്നേഹിക്കുന്ന ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കളിവിളക്ക് തെളിയിച്ച കരിവെള്ളൂർ മുരളിയെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാണിയാട്ട് സെൻട്രലിൽ നിന്നും വനിതാ വേദിയുടെ നേതൃത്വത്തിൽ വേദിയിലേക്ക് സ്വീകരിച്ചു. സംഘാടക സമിതി രക്ഷാധികാരി എം.വി. കോമൻ നമ്പ്യാർ നാടക ഗ്രാമത്തിന്റെ ഉപഹാരം സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, പി .പി .കുഞ്ഞികൃഷ്ണൻ, കോമള മുരളി, ജനറൽ കൺവീനർ ടി.വി. ബാലൻ, വർക്കിംഗ് ചെയർമാൻ ടി.വി. നന്ദകുമാർ, തമ്പാൻ കിനേരി എന്നിവർ സംസാരിച്ചു.
കേരള സംഗീത നാടക അക്കാഡമി സെക്രട്ടറിയായി തിരഞ്ഞെടുത്ത കരിവെള്ളൂർ മുരളിക്ക് മാണിയാട്ട് നൽകിയ സ്വീകരണത്തിൽ എം.വി. കോമൻ നമ്പ്യാർ ഉപഹാരം സമ്മാനിക്കുന്നു