മുഴപ്പിലങ്ങാട്: കുളം ബസാറിൽ പ്രവർത്തിച്ചുവരുന്ന മുഴപ്പിലങ്ങാട് പോസ്റ്റ് ഓഫീസ് ധർമ്മടത്തേക്ക് മാറ്റാൻ നീക്കം. പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ അധികൃതർ ശ്രമം തുടങ്ങിയെന്നാണ് ആക്ഷേപം. ബീച്ച് റോഡിലെ കെട്ടിടത്തിന് വേണ്ടത്ര സ്ഥല സൗകര്യമില്ലെന്നതാണ് അടച്ച് പൂട്ടലിന് കാരണമായി പറയുന്നത്. അതോടൊപ്പം നിർദ്ദിഷ്ട കെ റെയിലിനും, റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിനും ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിന് മുന്നോടിയായി ഓവർ ബ്രിഡ്ജിന്റെ രൂപരേഖയും മണ്ണ് പരിശോധനയും പൂർത്തിയാക്കിയിരുന്നു.

എന്നാൽ ഓവർ ബ്രിഡ്ജ് ശ്രീനാരായണ മഠം കേന്ദ്രീകരിച്ച് ബീച്ച് ഭാഗത്തേക്ക് സ്ഥാപിക്കാനാണ് അന്തിമ രൂപരേഖ എന്നാണ് സൂചന. ഈ സാഹചര്യത്തിൽ കുളം ബസാറിലെ പോസ്റ്റ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റേണ്ടതില്ലെന്ന് നാട്ടുകാർ പറയുന്നു. കോർണേഷൻ യു.പി സ്‌കൂളിന് സമീപം പ്രവർത്തിച്ച് വരുന്ന ധർമ്മടം പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്ക് മുഴപ്പിലങ്ങാട് ഓഫീസിനെ മാറ്റി സ്ഥാപിക്കാനാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിടുന്നത്.

പരാതി നല്കി നാട്ടുകാർ

കുളം ബസാറിൽ ദേശീയപാതക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസ് നാട്ടുകാർക്ക് മാത്രമല്ല, ഇതര സ്ഥലത്തുള്ളവർക്ക് പോലും ഏറെ സൗകര്യപ്രദമാണ്. ഇത് നിർത്താലാക്കാനുള്ള പോസ്റ്റൽ വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

കുളം ബസാറിൽ പ്രവർത്തിച്ച് വരുന്ന പോസ്റ്റ് ഓഫീസ് ധർമ്മടത്തേക്ക് മാറ്റാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടും. പറഞ്ഞു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനത്തിന് അനുയോജ്യമായ കെട്ടിടം ഇവിടെ തന്നെ കണ്ടെത്തുന്നതിന് പകരം ധർമ്മടത്തേക്ക് മാറ്റുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി

പ്രസിഡന്റ് കെ. സുരേഷ്