swimm
ചാൾസൺ സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ കവ്വായി കായലിൽ രണ്ടാം ഘട്ടമായി നടന്ന , ജല അപകട രക്ഷാപ്രവർത്തന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർ

പയ്യന്നൂർ: പുഴയിലും കായലിലും കടലിലും ആയാസ രഹിതമായ നീന്തലിലൂടെ രക്ഷാ പ്രവർത്തനം നടത്താൻ മുപ്പതുപേർ കൂടി സജ്ജരായി. ചാൾസൺ സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ അഗ്നി ശമന സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സിനും സൗജന്യമായി നൽകുന്ന പത്ത് ദിവസത്തെ പരിശീലനത്തിന്റെ രണ്ടാം ഘട്ടമാണ് കവ്വായി കായലിൽ നൽകിയത്. മുപ്പത് പേരടങ്ങിയ സംഘത്തിന് നീന്തൽ പരിശീലകൻ ചാൾസൺ ഏഴിമലയും കേരള പൊലീസ് കോസ്റ്റൽ വാർഡനായ മകൻ വില്യംസ് ചാൾസണുമാണ് പരിശീലനം നൽകിയത്.

ജല അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ആത്മവിശ്വാസവും കിലോമീറ്ററുകളോളം നീന്താനും വേണ്ടിവന്നാൽ ജലോപരിതലത്തിൽ വിശ്രമിക്കാനുമുള്ള പരിശീലനവുമാണ് നൽകിയത്. പയ്യന്നൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ ടി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഫയർ സ്‌റ്റേഷനിലെ സി.പി. രാജേഷ്, അജിത്ത് കീഴറ, ചാൾസൺ ഏഴിമല, തളിപ്പറമ്പ് സിവിൽ ഡിഫൻസ് വനിതാ വോളണ്ടിയർമാരായ ബിനീത, റീന തുടങ്ങിയവർ സംസാരിച്ചു. രണ്ടാംഘട്ടത്തിന്റെ അവസാന പരിശീലനം പയ്യാമ്പലം കടലിൽ നാളെ രാവിലെ 6 ന് നടക്കും.