തലശ്ശേരി: ഗവ. ജനറൽ ആശുപത്രിയെന്ന ധർമ്മാശുപത്രിയിൽ മനുഷ്യജീവന് യാതൊരു വിലയും നല്കുന്നില്ലേയെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ചേറ്റംകുന്നിലെ നിർദ്ധന കുടുംബത്തിലെ സുൽത്താൻ ബിൻ സിദ്ധീഖ് എന്ന 17കാരന്റെ അനുഭവം ഇതാണ്. കുട്ടിയുടെ ഇടത് കൈമുട്ടിന് താഴെ മുറിച്ച് മാറ്റേണ്ടി വന്നത് ഡോക്ടറുടെ കുറ്റകരമായ അനാസ്ഥകൊണ്ട് മാത്രമാണെന്ന് ബന്ധുക്കൾ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥ മേധാവികൾ എന്നിവർക്ക് പരാതി നല്കിയിരിക്കുകയാണ്.
രണ്ട് എല്ലുകൾ പൊട്ടിയ നിലയിൽ ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയെ നാല് ദിവസങ്ങൾക്ക് ശേഷം കൈയിലെ രക്ത ഓട്ടം നിലച്ച് നീല നിറമായപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ വേദനക്കുള്ള ഇഞ്ചക്ഷൻ നൽകിയിട്ടും കുട്ടി അസഹ്യമായ വേദന കൊണ്ട് പുളഞ്ഞു. ഒടുവിൽ ശസ്ത്രക്രിയ നടത്തി പൊട്ടിയ രണ്ട് എല്ലുകളിൽ ഒന്ന് ശരിയാക്കിയിട്ടുണ്ടെന്നും മറ്റേത് പിന്നീട് ശരിയാക്കാമെന്നും പറഞ്ഞ ഡോക്ടർ മുറിവ് തുറന്നിടുകയായിരുന്നുവത്രെ. മുറിവ് പഴുത്ത് സ്ഥിതി ഗുരുതരമായതോടെയാണ് പ്ലാസ്റ്റിക് സർജ്ജറിയുടെ പേര് പറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിട്ടത്.
ഇവിടെ ഏത് ശസ്ത്രക്രിയ നടക്കണമെങ്കിലും ഡോക്ടറെ വീട്ടിൽ ചെന്ന് കാണണമെന്ന സ്ഥിതിയാണെന്ന് നേരത്തെ മുതൽ പരാതിയുണ്ട്. സർക്കാർ അനസ്‌തേഷ്യസ്റ്റ് അവധിയാണെങ്കിൽ ബന്ധപ്പെട്ടവർ പുറഞ്ഞു നിന്നും അനസ്‌തേഷ്യസ്റ്റിനെ വിളിച്ചു കൊണ്ടുവരണം. അതിനും കൊടുക്കണം പണം. എക്സ് റേ പലപ്പോഴും തകരാറിലായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും എക്സ് റേ എടുത്ത് കൊണ്ടുവരണം. എല്ലാം ഒത്തുചേർന്നാൽ പൊട്ടിയ ശരീര ഭാഗങ്ങളിൽ സ്റ്റീൽ വെക്കണമെന്ന് പറയും. ഡോക്ടറുമായി ബന്ധപ്പെട്ട ഏജന്റുമാരാണ് ഇവ വിതരണം ചെയ്യുന്നതെന്നാണ് പറയുന്നത്. ഭീമമായ സംഖ്യക്കുള്ള ഈ സ്റ്റീൽ രോഗിയോ കൂട്ടിരിപ്പുകാരോ കാണില്ല. എവിടുന്നാണ് ഇത് വാങ്ങുന്നതെന്നോ യഥാർത്ഥ വിലയെത്രയെന്നോ ആർക്കുമറിയില്ല. ഇനി ഡോക്ടർ എഴുതുന്ന മരുന്നുകളൊന്നും ആശുപത്രിയിൽ കിട്ടില്ലെന്നും പറയുന്നു.
കൈക്കൂലി ആരോപണം നേരത്തെയുണ്ട്
ശസ്ത്രക്രിയക്കും, അനസ്‌തേഷ്യസ്റ്റിനുമായി 4000 രൂപ കൈക്കൂലി വാങ്ങിച്ചതിനെതിരെ വിവിധ യുവജന സംഘടനകൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയത് ഈയിടെയാണ്. പ്രസവവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ മട്ടന്നൂരിലെ അമ്മക്കും കുഞ്ഞിനും യഥാസമയം ചികിത്സ കിട്ടാതെ ദാരുണ മരണം സംഭവിച്ചതും, ശക്തമായ ജനരോഷമുയർന്നതും അടുത്തിടെയാണ്. വിദഗ്ധ ഡോക്ടർമാരെ കാണണമെങ്കിൽ
എട്ട് മണിക്ക് ആരംഭിക്കുന്ന ഒ.പി.കൗണ്ടറിന് മുന്നിൽ ആറ് മണിക്ക് തന്നെ എത്തിയിരിക്കണം. സ്വാധീനമുള്ളവർ രണ്ടും മൂന്നും ടോക്കണുകൾ കൈക്കലാക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പലപ്പോഴും തർക്കമായി മാറുന്നു.
പ്രതിഷേധ കൂട്ടായ്മ
ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.പി സുമേഷ് ഉദ്ഘാടനം ചെയ്തു. ചികിത്സ പിഴവാണെങ്കിൽ കുറ്റക്കാരായ ഡോക്ടർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും, അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്ക് അടിയന്തര ചികിത്സാ സംവിധാനം ഏർപ്പെടുത്താനും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കെ. അനിൽകുമാർ, ഇ.പി. ബിജു, കെ. അനീഷ്, കെ. വൈശാഖ്, കെ. ഹരിദാസ്, അഭിലാഷ് സംസാരിച്ചു.