തലശ്ശേരി: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. അനിയന്ത്രിതമായ പാർക്കിംഗിനെതിരെ പൊലീസും, ആർ.ടി.ഒയും കർശന നടപടി സ്വീകരിക്കും. ഒ.വി റോഡിൽ കീർത്തി ഹോസ്പിറ്റലിനു സമീപത്തു കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർത്തുന്നത് പൂർണമായും തടയും. ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. ഡൗൺ ടൗൺ മാൾ, ലോഗൻസ് റോഡ്, എന്നിവ ഉൾപ്പെടെയുള്ള അനധികൃത ഓട്ടോ പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കും.

ടി.എം.സി നമ്പറില്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. മെയിൻ റോഡിലെ വൺവേ സംവിധാനത്തിനെതിരെ ജോൺ ജോസഫ്‌ കേരള ലോകായുക്ത മുൻപാകെ നൽകിയ കത്ത് യോഗം ചർച്ച ചെയ്തു. ബന്ധപ്പെട്ട ആളുകളെ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. മെയിൻ റോഡിലെ കയറ്റിറക്ക് സമയക്രമം മുൻ തീരുമാന പ്രകാരം കർശനമാക്കാൻ തീരുമാനിച്ചു. റൂട്ട് മാറി ഓടുന്ന ബസുകൾക്കു എതിരെനടപടി സ്വീകരിക്കും. സി സി ടി വി പുനഃസ്ഥാപിക്കൽ വേഗത്തിലാക്കാനും തീരുമാനിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി ബിജുമോൻ ജേക്കബ്, നഗരസഭ എൻജിനീയർ ജസ്വന്ത്, ട്രാഫിക് ഉദ്യോഗസ്ഥർ, എ.എം.വി.ഐ, ട്രാഫിക് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യൂ- പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥർ പങ്കെടുത്തു.