മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ ഇഴയുന്നു. കാനാട്, കോളിപ്പാലം മേഖലകളിലായി 250 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സർവേ നടപടികൾ കഴിഞ്ഞിട്ടുണ്ട്. പി.ഡബ്‌ള്യു.ഡി. വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട സ്ഥലത്ത് വസ്തു വകകളുടെ മൂല്യനിർണയവും നടത്തിയിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിന് വേണ്ട സ്ഥലവും കണ്ടെത്തി. എന്നാൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല.

കാനാട്ട് വിമാനത്താവള പ്രദേശത്ത് നിന്ന് ചെളിയും വെള്ളവും കുത്തിയൊഴുകി വീടുകൾ അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട ഏഴു വീടുകൾ ഏറ്റെടുക്കുന്നതും അനിശ്ചിതത്വത്തിലാണ്. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം ഇവരുടെ സ്ഥലവും ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്. പുനരധിവാസവും നഷ്ടപരിഹാരവും ലഭിക്കാതെ വാടക വീട്ടിലാണ് വർഷങ്ങളായി ഈ കുടുംബങ്ങൾ കഴിഞ്ഞു കൂടുന്നത്. കൊതേരി, എളമ്പാറ മേഖലകളിലുള്ള 92 ഭൂവുടകൾക്ക് ഒമ്പതു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വർഷം നഷ്ടപരിഹാരം ലഭ്യമായത്. 19.3 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരമായി 200 കോടി രൂപ ധനവകുപ്പ് അനുവദിക്കുകയായിരുന്നു.

കാനാട് ഭൂമിയേറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകളും വിവിധ സംഘടനകളും മുഖ്യമന്ത്രിക്കും മറ്റു ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. 168 വീടുകളാണ് ഏറ്റെടുക്കേണ്ട സ്ഥലത്ത് ഉൾപ്പെട്ടിട്ടുള്ളത്. പിന്നീട് 25 ഏക്കർ ഭൂമിയും 25 വീടുകളും കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു.

പുനരധിവാസത്തിനായി 14.65 ഹെക്ടർ

കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 14.65 ഹെക്ടർ സ്ഥലമാണ് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിനായി കണ്ടെത്തിയത്. ഈ സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ വർഷം സർക്കാർ അനുമതി ആയതാണ്. പുനരധിവാസ ഭൂമിയിൽ റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും നടപടിയായിട്ടില്ല.

വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റിനായി കല്ലേരിക്കര ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല. 56 പേരുടെ വീടും സ്ഥലവുമാണ് അപ്രോച്ച് ലൈറ്റ് നിർമ്മാണത്തിനായി ഏറ്റെടുത്തത്. ഇവർക്ക് പുനരധിവാസത്തിന് കൊക്കയിലിൽ സ്ഥലം അനുവദിച്ചെങ്കിലും ഏതാനും പേർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്ത് നൽകിയത്.

1500 കോടി കിട്ടിയേ തീരൂ

ഭൂമിയേറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകാനായി 1500 കോടി രൂപയെങ്കിലും വേണ്ടിവരും. ഇത് കണ്ടെത്തുന്നത് സംബന്ധിച്ച തീരുമാനമാകാത്തതാണ് നടപടികൾ നീണ്ടുപോകാനിടയാക്കുന്നത്.