തളിപ്പറമ്പ് :ചാർജ്ജിനെ ചൊല്ലിയുള്ള തർക്കത്തിൽ നാല് ഓട്ടോറിക്ഷകൾ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ തളിപ്പറമ്പ് ന്യൂസ്കോർണർ കവലയിൽ നിന്ന് സഹകരണ ആശുപത്രിയിലേക്ക് ഓട്ടോ വിളിച്ച യാത്രക്കാരനാണ് പൊലീസിൽ പരാതി നൽകിയത്. ഇവിടേക്കുള്ള ചാർജ് 35 രൂപയാണെന്നും എന്നാൽ തന്നോട് 45 രൂപ ആവശ്യപ്പെട്ടു വെന്നുമായിരുന്നു പരാതി.

സർക്കാർ തന്നെ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം രണ്ട് കിലോമീറ്റർ ദൂരത്തിന് ഓട്ടോ ചാർജ് 41 രൂപ 25 പൈസയാണെന്നാണ് ഓട്ടോ കാരുടെ വാദം. എന്നാൽ ഇത് അധികമാണെന്ന യാത്രക്കാരന്റെ പരാതിയിൽ സഹകരണ ആശുപതിയുടെ സമീപമെത്തിയ എസ്.ഐ റുമേഷ് മീറ്റർ സ്ഥാപിച്ചില്ലെന്ന് ആരോപിച്ച് അവിടെ കണ്ട നാല് ഓട്ടോറിക്ഷകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് ഓട്ടോറിക്ഷാ മേഖലയിലെ എല്ലാ തൊഴിലാളി സംഘടനകളി ലുംപെട്ട ഡ്രൈവർമാർ പണിമുടക്കുമായി രംഗ ത്തിറങ്ങിയത്. പൊലീസിന് ലഭിച്ച പരാതി ആർ.ടി.ഒയ്ക്ക് കൈമാറാൻ തീരുമാനിച്ചു.