
തലശ്ശേരി: ഫുട്‌ബാൾ കളിക്കിടെ വീണുപരിക്കേറ്റ് ചികിത്സ തേടിയ നിർദ്ധന കുടുംബത്തിലെ 17കാരന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റിയ സംഭവത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വിജുമോനാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ അശ്രദ്ധയും അനാസ്ഥയും കാട്ടിയെന്നതിന് ഇന്ത്യൻ ശിക്ഷാനിയമം 338ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ചേറ്റം കുന്നിലെ നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുൽത്താൻ ബിൻ സിദ്ദീഖിന്റെ പിതാവ് അബൂബക്കർ സിദ്ധിഖിന്റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ഉൾപ്പെടെ കൂടുതൽ പേർ പ്രതിയാകുമെന്നാണ് സൂചനയുണ്ട്. വ്യാപകമായ പ്രതിഷേധമുയർന്ന സംഭവത്തിൽ ഡോ.വിജുമോൻ, ആർ.എം.ഒ ജിതിൻ, തീവ്രപരിചണ വിഭാഗത്തിലുണ്ടായിരുന്ന മറ്റു ഡോക്ടർമാർ, അനസ്‌തസ്റ്റിസ്റ്റ് തുടങ്ങിയവരിൽ നിന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രീത തെളിവെടുത്തിരുന്നു. അന്വേഷണറിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രി വീണാജോർജിന് കൈമാറും. മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടരന്വേഷണം നടന്നതിനുശേഷമേ പൊലീസ് മറ്റു നടപടികൾ സ്വീകരിക്കാനിടയുള്ളൂ. ചികിത്സാരേഖകൾ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. മനുഷ്യാവകാശ കമ്മിഷനും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.