khalid

ഒരാൾക്ക് ഗുരുതര പരിക്ക് പ്രതികൾ കസ്റ്റഡിയിൽ

തലശ്ശേരി: കഞ്ചാവ് വില്പന ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമം ഒത്തുതീർക്കാനെത്തിയ ആൾ രണ്ടുപേരെ കുത്തിക്കൊന്നു. കൊടുവള്ളിയിലെ ഇല്ലിക്കുന്നിൽ ത്രിവർണ്ണയിൽ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെട്ടൂർ സാറാസിൽ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊടുവള്ളിയിലെ പാറായി ബാബുവാണ് ഇവരെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഖാലിദ് തൽക്ഷണവും ഷമീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് മരിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീന് സമീപമാണ് അക്രമമുണ്ടായത്.
കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഷമീറിന്റെ മകൻ ഷബിലിനെ ഒരുസംഘം മർദ്ദിച്ചിരുന്നു. സഹകരണ ആശുപത്രിയിൽ ഷബീലിനെ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രശ്നം ഒതുക്കിത്തീർക്കാനെന്ന പേരിലാണ് പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം എത്തിയത്. സംസാരത്തിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഖാലിദ്,​ ഷാനിബ്,​ ഷമീർ എന്നിവരെ ബാബു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനുശേഷം പാറായി ബാബു മുങ്ങി. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കമ്മിഷണർ അജിത് കുമാർ അഡിഷണൽ എസ്.പി എ. വി.പ്രദീപ് ,തലശ്ശേരി എ.എസ്.പി നിതിൻ രാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഖാലിദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ആമുക്ക പള്ളിയിൽ ഇന്ന് കബറടക്കും.

മത്സ്യത്തൊഴിലാളിയായ ഖാലിദ് പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് .ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ ,മരുമകൻ: റമീസ് (പുന്നോൽ ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്ബർ (ഇരുവരും ടൈലർമാർ) ഫാബിത, ഷംസീന'

ഷമീർ പരേതനായ ഹംസ-യിഷ ദമ്പതികളുടെ മകനാണ് .ഭാര്യ: ഷംഷീന 'രണ്ട് മക്കളുണ്ട്.