നീലേശ്വരം: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം പെട്രോൾ പമ്പ് മുതൽ നീലേശ്വരം റോഡ് പാലം വരെ മണ്ണിട്ട് ഉയർത്തി ഫ്ലൈ ഓവർ നിർമ്മിക്കുന്നത് നീലേശ്വരത്തെ രണ്ടായി വിഭജിക്കുമെന്ന ആക്ഷേപം ശക്തമായി. നഗരസഭയുടെയും പരിസര പഞ്ചായത്തുകളുടെയും വികസന സാദ്ധ്യതകൾ ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് യു.ഡി.എഫ് നീലേശ്വരം കർമ്മസമിതി ആരോപിച്ചു. നിലവിൽ അംഗീകരിച്ച ഫ്ലൈ ഓവറിന്റെ പ്ലാനിൽ പൊലീസ് സ്റ്റേഷന്റെ മുന്നിൽ മാത്രമാണ് അടിപ്പാത നൽകിയിരിക്കുന്നത്. ബാക്കി ഭാഗങ്ങൾ മതിൽകെട്ടി വലിയ വിഭജനങ്ങൾ സൃഷ്ടിക്കുകയാണ്. നീലേശ്വരം വാണിജ്യ വ്യാപാര സിരാകേന്ദ്രമായ രാജാറോഡും മത്സ്യബന്ധന കേന്ദ്രങ്ങളും അതോടൊപ്പം ജില്ലയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നീലേശ്വരം തൈക്കടപ്പുറം റോഡും കോട്ടപ്പുറം മുതൽ ഏഴിമല നേവൽ അക്കാഡമി വരെ പോകുന്ന നീലേശ്വരം - പയ്യന്നൂർ റോഡും പൂർണമായും കൊട്ടിയടക്കപ്പെടുകയാണ്.
മടക്കര തൈക്കടപ്പുറം മത്സ്യ ബന്ധന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും ജില്ലയിലെ തന്നെ ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ ദിനംപ്രതി എത്തിച്ചേരുന്ന കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനുകളും എതിർഭാഗങ്ങളിലായി നീലേശ്വരം പുഴയുടെ ഓരങ്ങളിൽ സ്ഥിതി ചെയ്യുന്ന താൽക്കാലിക ബോട്ട് ജെട്ടികളിലുമായി ഏകദേശം 50 ഓളം ഹൗസ് ബോട്ടുകൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പുലിമുട്ട് അഴിമുഖത്താണ്. നീലേശ്വരം -കോട്ടപ്പുറം റോഡ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും മത്സ്യബന്ധന കേന്ദ്രങ്ങളുടെയും നാഷണൽ ഹൈവേയിലുള്ള പ്രവേശന കവാടമാണ് ഈ രീതിയിലുള്ള നിർമ്മാണം കൊണ്ട് തടയപ്പെടുന്നത്. നീലേശ്വരം നഗരസഭയുടെയും ചെറുവത്തൂർ , പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ തീരദേശ വികസനങ്ങളെയും വികസന സാദ്ധ്യതകളെയും ഇത് ഇല്ലാതാക്കും. നീലേശ്വരത്ത് വാണിജ്യ വ്യാപാര മേഖല ഇപ്പോൾ തന്നെ തളർന്നു കിടക്കുകയാണ്.
നീലേശ്വരം ടൗണിന്റെ വ്യാപാരമേഖലയെ പോഷിപ്പിക്കുന്ന വലിയ പ്രദേശത്തേക്കുള്ള ഗതാഗതം തടയപ്പെടുമ്പോൾ നീലേശ്വരം ടൗൺ തന്നെ അപ്രസക്തമാകും. അതാേടൊപ്പം ഹൈവേയിൽ നിന്നും രാജാ റോഡ് വഴി അന്തർ സംസ്ഥാന പാതയുമായി ബന്ധപ്പെടുന്ന വഴിയും ഇല്ലാതാകും. ഹൈവേയിലെ ഗതാഗതം സുഗമമാക്കുന്നതിനു വേണ്ടി ഫ്ളൈ ഓവർ നിർമ്മിക്കുമ്പോൾ ഹൈവേയുടെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങളും വികസന സാദ്ധ്യതകളും ഇല്ലാതാക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണം.
യു.ഡി.എഫ് നീലേശ്വരം കർമ്മസമിതി
ബഹുജന ധർണ്ണാ സമരം അഞ്ചിന്
അധികൃതരുടെ നിലപാടിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് നീലേശ്വരം കർമ്മസമിതി യോഗം തീരുമാനിച്ചു. ഡിസംബർ 5ന് വൈകീട്ട് 3 മണി മുതൽ നീലേശ്വരം ഹെെവേ ജംഗ്ഷനിൽ ബഹുജന പങ്കാളിത്തത്തോടെ ധർണ്ണാ സമരം നടത്തും. യോഗത്തിൽ ചെയർമാൻ മാമുനി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റഫീഖ് കോട്ടപ്പുറം, കെ.വി. സുധാകരൻ, പി രാമചന്ദ്രൻ, ഇ.എം കുട്ടി ഹാജി, എം. രാധാകൃഷ്ണൻ നായർ, എറുവാട്ട് മോഹനൻ, ഇ.കെ. മുസ്തഫ, മഹ്സൂദ് പടന്ന, എം. രാധാകൃഷ്ണൻ, അഡ്വ. നസീർ, കെ. രാജഗോപാലൻ നായർ, ബാബു മൂത്തല, സി.വിദ്യാധരൻ സംസാരിച്ചു.