
സർക്കാർ ആശുപത്രികൾ ധർമ്മാശുപത്രികളാണെന്ന സങ്കൽപ്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന് പ്രതീക്ഷ നൽകുന്ന ഇടം കൂടിയാണെന്ന നിലയിലാണ് ആ പേര് വന്നത്. സ്വകാര്യ ആശുപത്രികളിലെ കഴുത്തറുപ്പൻ ഫീസില്ല എന്നതുകൊണ്ടാണ് പാവപ്പെട്ടവർ ഇവിടേക്ക് ഓടിയെത്തുന്നത്.
നിരവധി പേർക്ക് ജീവൻ തിരിച്ചുനൽകിയ മഹാരഥന്മാരായ ഡോക്ടർമാരാൽ പുകൾപെറ്റ സർക്കാർ ആതുരാലയങ്ങളിൽ ഏറെ ശ്രദ്ധേയമാണ് തലശേരിയിലെ ജനറൽ ആശുപത്രി. എന്നാൽ ഏതാനും ഡോക്ടർമാർ തലശേരിയുടെ ആരോഗ്യ പ്രതീക്ഷകൾക്ക് പുഴുക്കുത്തായി മാറിയിരിക്കുന്നു. വി. എം. സുധീരൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് തലശേരി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയത്. പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം കൂടുതൽ തസ്തികകൾ അനുവദിക്കപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളും മറ്റും ഏർപ്പെടുത്തി തലശേരി ജനറൽ ആശുപത്രിയെ വളർച്ചയിലേക്ക് എത്തിക്കാൻ ഒരു നാട് മുഴുവൻ കൈകോർത്തു. എന്നാൽ കഴിഞ്ഞ ദിവസം തലശേരി ജനറൽ ആശുപത്രിയിൽ നിന്നു കേരളം കേട്ടത് അത്രയൊന്നും സുഖകരമല്ലാത്ത വാർത്തയായിരുന്നു. ഡോക്ടറുടെ അനാസ്ഥ കാരണം ഒരു പാവം വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നത് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു.
ഫുട്‌ബാൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ തലശേരി ചേറ്റംകുന്നിലെ സുൽത്താൻ ബിൻസിദ്ദിഖ എന്ന പതിനേഴുകാരനാണ് ഇത്തരമൊരു ദുരന്തമുണ്ടായത്. സുൽത്താന്റെ പിതാവിന്റെ പരാതിയിൽ അസ്ഥിരോഗ വിദഗ്ദ്ധനെതിരെ കേസെടുത്തു. തലശ്ശേരി എ.എസ്.പി പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.
സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്‌ബാൾ കഴിക്കുന്നതിനിടെ വീണാണ് കുട്ടിയുടെ എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്റേ മെഷീൻ കേടായിരുന്നു. എക്‌സ്റേ എടുക്കാൻ തലശേരിയിലെ സഹകരണ ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിനുള്ളിൽ എക്‌സ്റേ തലശേരി ആശുപത്രിയിലെത്തിച്ചു. കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. തുടർന്ന് സ്‌കെയിൽ വച്ച് കൈകെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളജിൽവച്ച് ഒടിഞ്ഞകൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ചുമാറ്റി. ഈ സാഹചര്യത്തിലാണ് സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകിയത്.
മനുഷ്യജീവന്
ഇവിടെ പുല്ലുവില
കുട്ടിയുടെ ഇടത് കൈമുട്ടിന് താഴെ മുറിച്ച് മാറ്റേണ്ടി വന്നത് ഡോക്ടറുടെ കുറ്റകരമായ അനാസ്ഥകൊണ്ട് മാത്രമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ട് എല്ലുകൾ പൊട്ടിയ നിലയിൽ ആശുപത്രിയിലെത്തിയ കുട്ടിക്ക് നാല് ദിവസങ്ങൾക്ക് ശേഷം കൈയിലെ രക്തയോട്ടം നിലച്ച് നീല നിറമായപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ വേദനയ്‌ക്കുള്ള ഇഞ്ചക്‌ഷൻ നൽകിയിട്ടും കുട്ടി അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു. ഒടുവിൽ ശസ്ത്രക്രിയ നടത്തി പൊട്ടിയ രണ്ട് എല്ലുകളിൽ ഒന്ന് ശരിയാക്കിയിട്ടുണ്ടെന്നും മറ്റേത് പിന്നീട് ശരിയാക്കാമെന്നും പറഞ്ഞ ഡോക്ടർ മുറിവ് തുറന്നിടുകയായിരുന്നുവത്രേ. മുറിവ് പഴുത്ത് സ്ഥിതി ഗുരുതരമായതോടെയാണ് പ്ലാസ്റ്റിക് സർജറിയുടെ പേര് പറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിട്ടത്.
കവറുണ്ടോ?
ശസ്ത്രക്രിയ റെഡി
അസ്ഥിരോഗ വിദഗ്ദ്ധനും ഗൈനക്കോളജിസ്റ്റുമെല്ലാം കവർ കിട്ടിയാൽ മാത്രമേ ചികിത്സ നടത്തൂ. പ്രസവ ശസ്ത്രക്രിയയുടെ ദിവസം രാവിലെ വീട്ടിൽപ്പോയി പ്രത്യേകം ദക്ഷിണ നൽകണം. അല്ലെങ്കിൽ പ്രസവം അത്ര എളുപ്പമാകില്ല. അസ്ഥിരോഗ വിദഗ്ദ്ധനായാലും ഇതുതന്നെ സ്ഥിതി. ശസ്ത്രക്രിയ മുറപോലെ നടക്കാൻ കവർ വേണം. രോഗി വേദനകൊണ്ട് പുളഞ്ഞാലും ഇവരാരും തിരിഞ്ഞു നോക്കില്ല.
ഈയിടെ ഒരു ഡോക്ടർ രോഗിയുടെ കൂട്ടിരിപ്പുകാരനോട് ചോദിച്ചു. നിങ്ങൾ എന്നെ വന്നു കണ്ടില്ലേ. കണ്ടതാണ് ഡോക്ടർ. തരേണ്ടതു തന്നിട്ടുമുണ്ട്. ഓ..ഞാനത് മറന്നു. എന്നാൽ ഇന്നുതന്നെ ആശുപത്രി വിടാം. ഡോക്ടറുടെ മറുപടി. പണവും പാരിതോഷികവുമായി ആരും വീട്ടിലേക്ക് വരരുതെന്ന് ഈ ഡോക്ടർമാരുടെയൊക്കെ വാതിൽപ്പടിയിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്. അതൊരു ഭംഗിക്കുള്ള എഴുത്താണെന്ന് മാത്രം.
അനസ്തറ്റിസ്റ്റിനെ
കൊണ്ടുവന്നോളണം
സർക്കാർ അനസ്തറ്റിസ്റ്റ് അവധിയാണെങ്കിൽ രോഗിയുടെ ബന്ധുക്കൾ പുറഞ്ഞുനിന്നും വിളിച്ചു കൊണ്ടുവരണം. അതിനും കൊടുക്കണം പണം. എക്സ് റേ മെഷീൻ പലപ്പോഴും തകരാറിലായിരിക്കും. സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും എക്സ് റേ എടുത്തുകൊണ്ടു വരണം. എല്ലാം ഒത്തുചേർന്നാൽ പൊട്ടിയ ശരീരഭാഗങ്ങളിൽ സ്റ്റീൽ വയ്‌ക്കണമെന്ന് പറയും. ഡോക്ടറുമായി ബന്ധപ്പെട്ട ഏജന്റുമാരാണ് ഇവ വിതരണം ചെയ്യുന്നതെന്നാണ് പറയുന്നത്. ഭീമമായ സംഖ്യയ്‌ക്കുള്ള ഈ സ്റ്റീൽ രോഗിയോ കൂട്ടിരിപ്പുകാരോ കാണില്ല. എവിടുന്നാണ് ഇത് വാങ്ങുന്നതെന്നോ യഥാർത്ഥ വില എത്രയെന്നോ ആർക്കുമറിയില്ല. ഡോക്ടർ എഴുതുന്ന മരുന്നുകളൊന്നും ആശുപത്രിയിൽ കിട്ടില്ലെന്നും പറയുന്നു. കാലിലോ കൈയിലോ സ്റ്റീൽ ഇടാനും ഡോക്ടർക്ക് നൽകണം വൻതുക! മാസങ്ങൾ കഴിഞ്ഞ് സ്റ്റീൽ തിരിച്ചെടുക്കാനും ഇതേ ഡോക്ടർക്ക് കവർ നല്‌കണം ! അല്ലെങ്കിൽ സ്റ്റീൽ അവിടെ തുടർന്ന് രോഗിയുടെ ജീവനെടുക്കും.
കൈക്കൂലി
പുതിയതല്ല
ശസ്ത്രക്രിയയ്‌ക്കു 4000 രൂപ കൈക്കൂലി വാങ്ങിയതിനെതിരെ യുവജന സംഘടനകൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയത് ഈയിടെയാണ്. പ്രസവത്തിന് ആശുപത്രിയിലെത്തിയ മട്ടന്നൂരിലെ അമ്മയ്‌ക്കും കുഞ്ഞിനും യഥാസമയം ചികിത്സ കിട്ടാതെ ദാരുണമരണം സംഭവിച്ചതും, ശക്തമായ ജനരോഷമുയർന്നതും അടുത്തിടെയാണ്. ആശുപത്രിയിൽ കൈക്കൂലി വ്യാപകമാണെന്ന, ഒരു രോഗിയുടെ ബന്ധുവിന്റെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷിച്ചെങ്കിലും തെളിവ് നൽകാൻ ആരുമില്ലെന്നു പറഞ്ഞ് അതും കട്ടപ്പുറത്തായി.