f

ചെറുവത്തൂർ: ചെറുവത്തൂരിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എ. വിൽക്കാനെത്തിയ രണ്ടു പേർ പിടിയിൽ. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ എം.പി. റാഷിദ്, കെ.എ. മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് ഇടപാടുകാരനെ കാത്തുനിൽക്കെ ചന്തേര പൊലീസ് പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പ്രതികളിൽ നിന്നും 2.35 ഗ്രാം എം.ഡി.എം.എ ചന്തേര സബ്ബ് ഇൻസ്പെക്ടർ എം.വി.ശ്രീദാസും സംഘവും പിടിച്ചെടുത്തു.

അറസ്റ്റു ചെ യ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. ചെറുവത്തൂർ ജെ.കെ. ബാറിനടുത്ത് വച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. ജില്ലയിലുടനീളം മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് അറസ്റ്റ് . കർണ്ണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മാഫിയ സംഘങ്ങളുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. പയ്യന്നൂരിലും പരിസര പ്രദേശങ്ങളായ പാലക്കോട്, എട്ടിക്കുളം, രാമന്തളി, പഴയങ്ങാടി ഭാഗങ്ങളിൽ കടൽ തൊഴിലാളികൾക്കിടയിലും മത്സ്യക്കച്ചവടത്തിലേർപ്പെട്ടവർക്കും സ്കൂൾ വിദ്യാർത്ഥികളുമാണ് ഇരകൾ. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഒട്ടിച്ചു ചേർത്തും വസ്ത്രങ്ങളിലെ മടക്കുകളിൽ തിരിച്ചറിയാത്ത മട്ടിൽ തിരുകിക്കയറ്റിയും വിദൂരസ്ഥലങ്ങളിലേക്കും ഇവർ ലഹരി കടത്തുന്നു. ഇന്നലെ പിടികൂടിയ ഈ രണ്ടു പ്രതികൾ ഇതിനു മുൻപും ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായർ എന്നിവരുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ മധുസൂദനൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ്, സിവിൽ പൊലീസ് ഓഫീസർ സുധീഷ് പി.പി., ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.