പാനൂർ: പാനൂരിനടുത്ത് തങ്ങൾപ്പീടികയ്ക്കും മാക്കൂൽപ്പീടികയ്ക്കും ഇടയിലുള്ള ചീളിൽ മുക്കിൽ വീടിന് മുൻവശം ചെങ്കല്ലുമായി പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും അയ്യപ്പഭക്തന്മാരുമായി കൂത്തുപറമ്പ് ഭാഗത്ത് പോവുകയായിരുന്ന കർണാടകയിൽ നിന്നുള്ള മിനി ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

വാഹനങ്ങളിൽ നിന്നുയർന്ന നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പെട്ടെന്നുതന്നെ അവിടെയെത്തിയ പൊലീസും അഗ്നിശമന സേനാ വിഭാഗവും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം തുടർന്നു. പരിക്കേറ്റ ആറ് പേരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും

11 പേരെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും മൂന്നു പേരെ കണ്ണൂർ ചാല തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. ഇതിൽ ആറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മിനി ബസ്സിലെ ഡ്രൈവർമാരായ ചന്ദ്രശേഖറിന് (40) കാലിനും നഗേന്ദ്രയ്ക്ക് (45) നട്ടെല്ലിനുമാണ് പരിക്കേറ്റത്. ടിപ്പർ ഡ്രൈവർ പ്രജിക്കും പരിക്കുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ നാട്ടുകാരനായ കുനിയിൽ ഖാദറിനും പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞ് അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി പി. രവീന്ദ്രൻ നമ്പ്യാർ, പ്രസിഡന്റ് കെ.എം അശോകൻ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ ഇതേ റോഡിൽ രാജീവ് ഗാന്ധി സ്കൂൾ ബസ് സ്റ്റോപ്പ് പരിസരത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവതി മരിക്കുകയും ഓട്ടോ ഡ്രൈവറായ യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ആഴ്ചചകൾ കഴിയും മുമ്പ് ഇതേ പരിസരത്ത് ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നിരവധി വിദ്യാർത്ഥികളുടെ ബസ് കാത്തിരിപ്പ് കേന്ദ്രമായ ഇവിടെ തീർത്തും ഇടുങ്ങിയ നിലയിലാണ് റോഡ്. ഇന്നലെ അപകടം നടന്ന മാക്കൂൽ പ്പീടിക ചീളിൽ മുക്കിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് അപകട മരണം നടന്നിരുന്നു. അവിടെയുള്ള വളവിൽ റോഡിൽ തള്ളിനില്ക്കുന്ന കെ.എസ്.ഇ.ബി പോസ്റ്റ് പല അപകടങ്ങൾക്കും കാരണമായിട്ടും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.