കരിവെള്ളൂർ: ഏവൺ ക്ലബ്ബ് ആൻഡ് ന്യൂസ് സെന്ററിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും. ഉച്ചക്ക് 2.30 ന് കാവ്യമാലികയോടെ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ വച്ച് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എം.എൽ.എ. ടി.ഐ മധുസൂദനൻ അദ്ധ്യക്ഷനായിരിക്കും. പ്രശസ്ത സാഹിത്യകാരൻ പി.എൻ ഗോപികൃഷ്ണൻ സാംസ്‌കാരിക പ്രഭാഷണം നടത്തും. പ്രസിഡന്റ് പി.സി ഗോപിനാഥൻ റിപ്പോർട്ട് അവതരണം നടത്തും.
തുടർന്ന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും, പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന സൂര്യപുത്രൻ നൃത്താവിഷ്‌കാരവും നടക്കും. ലോകകപ്പ് 2022 ക്വിസ് പ്രവചന മത്സരം, കരിവെള്ളൂർ പെരളം പഞ്ചായത്തിലെ എല്ലാ സ്‌കൂൾ കുട്ടികൾക്കുമായി മഴവില്ല് കുട്ടികൾക്കൊപ്പം പരിപാടി, ചലച്ചിത്രമേള, കരിവെള്ളൂരിന്റെ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയ ആദ്യകാല കൈത്തറി, നെയ്ത്ത്, ബീഡി, കൽപ്പണി, തൊഴിലാളികളെ ആദരിക്കൽ, വയോജനങ്ങൾക്കായി ആരോഗ്യ ക്ലാസ്സ്-ക്യാമ്പ്, ഇൻഡോർ ഷട്ടിൽ ടൂർണമെന്റ്, നാടകോത്സവം, ഗസൽ സംഗീതോത്സവം, സാഹിത്യ സംവാദം തുടങ്ങിയ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടക്കും.
2023 ഏപ്രിൽ മാസത്തിൽ സുവർണ്ണ ജൂബിലി സുവനീർ പ്രകാശനവും സമാപന സമ്മേളനവും നടക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്സൺ എ.വി.ലേജു, വർക്കിംഗ് ചെയർമാൻ പി.സി ഗോപിനാഥൻ, ജനറൽ കൺവീനർ പറ്റ്വാ സതീശൻ, കെ.പി. അമ്പുകുഞ്ഞി, ടി.വി. അമ്പുക്കുഞ്ഞി, പി.വിജയകുമാർ, എ.വി ഗിരീശൻ,കെ.പി രാഘവൻ,എൻ.കെ വാസുദേവൻ പങ്കെടുത്തു.