കണ്ണൂർ: 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത നവകേരള തദ്ദേശകം 2.0 അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പി.എം.എ.വൈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ നഗരസഭകളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. മികച്ച പഞ്ചായത്ത് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട കെ.വി പ്രകാശൻ, കെ.വി പത്മനാഭൻ എന്നിവർക്കും ഐ.എൽ.ജി.എം.എസ് ആപ്ലിക്കേഷൻ സേവനം ലഭ്യമാക്കിയ മികച്ച പഞ്ചായത്തുകളായ കടന്നപ്പള്ളി -പാണപ്പുഴ, കല്ല്യാശ്ശേരി, മാട്ടൂൽ എന്നിവയ്ക്കും മന്ത്രി ഉപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി ഷാജിർ, നഗരസഭാ ചെയർപേഴ്‌സൻ വി സുജാത, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, അഡീഷനൽ ഡവലപ്‌മെന്റ് കമ്മീഷണർ സി പി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ പങ്കെടുത്തു.