കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റി. ഡോക്ടർമാർ കൂട്ടത്തോടെ അവധിയിൽ പോയതിനെത്തുടർന്ന് ശനിയാഴ്ച പകുതിയിലേറെ ഒ.പി വിഭാഗവും പൂട്ടിക്കിടക്കുകയായിരുന്നു. 15 ഒ.പികൾ നിത്യവും പ്രവർത്തിപ്പിക്കുന്ന ആശുപത്രിയിൽ 8 ഒ.പികളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്.
നൂറുകണക്കിന് രോഗികളെ ഡോക്ടർമാരില്ലാത്തത് വലച്ചു. പനി, സർജറി, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ഒ.പികൾ പൂട്ടിക്കിടന്നത് മലയോര മേഖലയിൽ നിന്നും ഉൾപ്പെടെയെത്തിയ നൂറുകണക്കിന് രോഗികളെയാണ് വലച്ചത്. ജില്ലാ ആശുപത്രിയിലെ ഒ.പിയിൽ നിത്യവും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അമ്പതും നൂറും കിലോമീറ്ററുകൾ താണ്ടി പാണത്തൂരിൽ നിന്നും കർണാടകയിൽ നിന്ന് ഉൾപ്പെടെ രോഗികൾ ജില്ലാ ആശുപത്രിയെ ആശ്രയിച്ച് എത്താറുണ്ട്.
വിദൂര സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയ രോഗികൾക്ക് ഡോക്ടർമാരില്ലാത്തതിനാൽ നിരാശരായി മടങ്ങേണ്ടി വന്നു. കണ്ണ് പരിശോധന വിഭാത്തിലും നെഞ്ചു പരിശോധന വിഭാഗത്തിലുള്ള ഒ.പിയും ഇന്നലെ പ്രവർത്തിച്ചില്ല. നൂറോളജി കാർഡിയോളജി വിഭാഗവും ഇന്നലെ പൂട്ടി കിടന്നു. ഫിസിയോതെറാപ്പി അടഞ്ഞു കിടന്നു. മാനസികരോഗ വിദഗ്ധനും ഇന്നലെ അവധിയിൽ പോയി. ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തപ്പോൾ പകരം സംവിധാനം ഉണ്ടാക്കാനും ബന്ധപ്പെട്ടവർ മെനക്കെട്ടില്ലെന്നാണ് ആരോപണം.
മിക്ക ദിവസങ്ങളിലും
ഒ.പി മുടങ്ങുന്നു
മിക്ക ദിവസങ്ങളിലും ഒന്നിലേറെ ഒ.പികൾ അടഞ്ഞുകിടക്കുന്നത് പതിവാണെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഡോക്ടർമാർ കൂട്ടത്തോടെ അവധിയിൽ പോയത് ആശുപത്രിയുടെ മറ്റ് ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ജില്ലാ ആശുപത്രിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് കാര്യമായി ഇടപെടുന്നില്ലെന്നും ആരോപണമുയർന്നു.