ചായ്യോത്ത് : കയ്യൂർ സമരവീര്യത്തിന്റെയും പോരാട്ടത്തിന്റെയും തുയിലുണർത്തി ചിട്ടപ്പെടുത്തിയ സ്വാഗതഗാനം കലോത്സവ നഗരിയുടെ ആവേശമായി. തുയിലുണരൂ..,തുയിലുണരൂ.., തുളുനാടെ... എന്ന് തുടങ്ങി മൂന്ന് രാഗങ്ങളിൽ 20 ലധികം വരികളോടെ മനോഹരമാക്കിയ സ്വാഗതഗാനം കാസർകോട് ജില്ലയുടെ സമഗ്ര സാംസ്ക്കാരിക ചരിത്രം വിളംബരം ചെയ്യുന്നതായി. അവിസ്മരണീയമായ പോരാട്ട വീര്യം ആവേശം പകരുന്ന ചായ്യോത്തിന്റെ തിരുമുറ്റത്തേക്ക് സ്വാഗതം ചെയ്തത് തൊട്ടടുത്ത് കിടക്കുന്ന വിപ്ളവഭൂമിയായ കയ്യൂരിനെ പ്രത്യേകം പരാമർശിച്ചായിരുന്നു.പട്ല ഗവ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അദ്ധ്യാപകൻ രാമചന്ദ്രൻ വേട്ടറാടി രചനയും ഉണ്ണി വീണാലയം സംഗീതവും നിർവഹിച്ച സ്വാഗതഗാനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചാണ് അണിനിരന്നത്. എം. വി ലിജിന, ടി.വി. മുത്തുരാജ്, മനോജ് ജോസഫ്, കെ. ഷിബിൻ, എം. വി സുധ എന്നിവരാണ് കൊറിയോഗ്രാഫി ചെയ്തത്.