jimmy

കണ്ണൂർ: ഇടിമിന്നൽ പോലുള്ള സ്മാഷുകളോടെ ലോകവേദികളിൽ മിന്നിത്തിളങ്ങിയ ഇന്ത്യൻ വോളി ഇതിഹാസം ജിമ്മി ജോർജ് ഓർമ്മയായിട്ട് ഇന്നേക്ക് 35 വർഷം. കണ്ണൂരിലെ പേരാവൂരിൽ നിന്ന് തുടങ്ങിയ ജിമ്മി അതിരുകളും ആകാശങ്ങളും ഭേദിച്ച് യൂറോപ്യൻ ലീഗ് വരെ എത്തിയാണ് ഇന്ത്യൻ വോളിയുടെ ലോക മുഖമായത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്‌പൈക്കർമാരിൽ ഒരാളായ ജിമ്മി ജോർജ് 1987 നവംബർ 30ന് ഇറ്റലിയിൽ നടന്നൊരു കാറപകടത്തിൽ അപ്രതീക്ഷിതമായി മുപ്പത്തിരണ്ടാം വയസിലാണ് വിട വാങ്ങിയത്.

പേരാവൂരിലെ വോളി കുടുംബത്തിൽ 1955 മാർച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പിതാവിന്റെ ശിക്ഷണത്തിൽ സഹോദരങ്ങളോടൊപ്പമായിരുന്നു വോളിബാളിലെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായി ജിമ്മി വളർന്നു. 21ാം വയസിൽ അർജുന അവാർഡ് നേടിയ പ്രായം കുറഞ്ഞ വോളിബാൾ താരമായി ജിമ്മി യൂറോപ്യൻ പ്രൊഫഷണൽ വോളിയിൽ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യൻ താരമാണ്.

1970ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായ ജിമ്മി പിന്നീട് പാല സെന്റ് തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച നാല് തവണയും കേരള യൂണിവേഴ്സിറ്റിക്ക് അന്തർ സർവ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ൽ പതിനാറാം വയസ് തൊട്ട് 11 വർഷങ്ങളിൽ കേരള ജേഴ്സിയണിഞ്ഞു.

1976ൽ കേരള പൊലീസിൽ അംഗമായ ജിമ്മി മരിക്കും വരെ ടീമിലംഗമായിരുന്നു. 1979ൽ ലീവെടുത്ത് അബുദാബി സ്‌പോർട്സ് ക്ലബിനായി കളിക്കാൻ പോയി.അക്കാലത്ത് അറേബ്യൻ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു. 1982ൽ ഇറ്റലിയിലേക്ക് ചേക്കേറിയതോടെയാണ് ജിമ്മി ഹെർമീസ് ദേവനായി അറിയപ്പെടാൻ തുടങ്ങിയത്.

1976ൽ സോൾ, 78ലെ ബാങ്കോക്ക്, 1986 സോൾ ഏഷ്യൻ ഗെയിംസുകളിൽ ജിമ്മി ജോർജ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യ വെങ്കലം നേടിയ 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ ടീമിന്റെ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

പവലിയൻ ഉദ്ഘാടനം ഇന്ന്

പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ ഭാഗം ആയി നിർമിച്ചിട്ടുള്ള പവലിയൻ ഇന്ന് രാവിലെ 9.45 ന് സ്‌കൂൾ മാനേജർ ഫാ.തോമസ് കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.