പയ്യന്നൂർ: പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം ഇന്ന് സമാപിക്കും. സമാപന ദിവസമായ ഇന്ന് ഉച്ചക്ക് നടക്കുന്ന ദേവ പ്രസാദമായി കരുതുന്ന പ്രസാദ ഊട്ടിന് വിപുലമായ ഒരുക്കങ്ങളാണ് ആഘോഷ കമ്മിറ്റി നടത്തിയിട്ടുള്ളത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിൽ നിന്നുമായി 30,000 ഭക്തജനങ്ങൾ പ്രസാദ ഊട്ടിൽ പങ്കെടുക്കുവാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്സവം തുടങ്ങിയത് മുതൽ ദിവസവും ഉച്ചക്ക് ഭക്തജനങ്ങൾക്ക് അന്നദാനം നൽകി വന്നതിന് പുറമെയാണ് സമാപന ദിവസം പ്രസാദ ഊട്ട് നൽകുന്നത്. ഉത്സവ ദിനങ്ങളിൽ നിത്യവും അഞ്ച് പൂജയും മൂന്ന് ശീവേലിയും ഉച്ചക്ക് നവകാഭിഷേകവുമാണ് പൂജാ ചടങ്ങുകളായി ഉണ്ടാകുക.

ഇത്തവണയും ചെണ്ട, മദ്ദളം, തകിൽ, നാദസ്വരം, ഇടയ്ക്ക, കൊമ്പ് തുടങ്ങിയ സംഗീത ഉപകരണങ്ങളിൽ തീർത്ത നാദമേളം കലാസ്വാദകർക്ക് മികച്ച സംഗീത വിരുന്നൊരുക്കുകയുണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ 9 ന് അശോക് ഷേണായി ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനമേളക്ക് ശേഷം ഉച്ചക്ക് 12 ന് പ്രസാദ ഊട്ട് ആരംഭിക്കും. രാത്രി 9 ന് അതുൽ നറുകര നയിക്കുന്ന എസ്.എസ്. ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറും.