sivankutti
കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവം ചായ്യോത്ത് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ചായ്യോത്ത് :സ്കൂൾ മേളകളിലെ സ്ഥിരം വിധികർത്താക്കൾക്ക് റസ്റ്റ് നൽകുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജഡ്ജിംഗ് പാനൽ സർക്കാർ പരിഷ്‌ക്കരിക്കും. കലോത്സവത്തിന് പോയി രാത്രി വൈകി വരുന്നത് ദുഷ്കരമാകും. അതേസമയം ദേശീയ നിലവാരമുള്ള വിധികർത്താക്കളെ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം മുതൽ പുതുക്കിയ മാന്വൽ അനുസരിച്ചായിരിക്കും കലോത്സവം. വർത്തമാന കാലഘട്ടത്തിന്റെ ആവശ്യം ഉൾക്കൊണ്ടായിരിക്കും പരിഷ്ക്കരണം. ഗൾഫിൽ സ്ഥിരമായി എസ്.എസ്. എൽ.സി പരീക്ഷ നടത്താൻ പോകുന്നവരെയും മാറ്റും. ഞാൻ ഫയൽ നോക്കിയപ്പോൾ ആണ് ഗൾഫിൽ പോകുന്നത് സ്ഥിരമായി ഒരു കൂട്ടം ആളുകൾ തന്നെയാണെന്ന് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അപ്പീലുകൾ ഇല്ലാത്ത കലോത്സവം നടത്താൻ നമുക്ക് കഴിയണം. കുട്ടികൾ മത്സരിക്കട്ടെ അദ്ധ്യാപകരും രക്ഷിതാക്കളും ഇടപെടരുതെന്നും മന്ത്രി പറഞ്ഞു. കേരളം പിറന്നതിന്റെ അടുത്ത വർഷം തന്നെ ആരംഭിച്ച സ്കൂൾ കലോത്സവം മികച്ച കലാകാരന്മാരെ സൃഷ്ടിച്ചു. അവരെയല്ലാം കോഴിക്കോട് സംസ്ഥാന കലോസവത്തിൽ പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.പി. കരുണാകരൻ, എം.എൽ.എമാരായ എം.രാജഗോപാലൻ, സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ടി.കെ.രവി, ഷിനോജ് ചാക്കോ, സി സജിത്ത്, എ.മാധവൻ, കെ.ശകുന്തള, മുൻ ഡി.ഡി.ഇ കെ.വി പുഷ്പ എന്നിവർ പ്രസംഗിച്ചു. ഡി.ഡി.ഇ സി.കെ വാസു സ്വാഗതം പറഞ്ഞു.