കണ്ണൂർ: അര നൂറ്റാണ്ടായി സേവനമനുഷ്ഠിച്ച സംസ്ഥാനത്തെ ഏറ്റവും സീനിയറായ നിക്ഷേപ പിരിവുകാരൻ ഒ.പി.തിലകൻ ഒരു രൂപയുടെ പോലും ആനുകൂല്യമില്ലാതെ ഇന്നു പടിയിറങ്ങും. സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാരുടെ സർവ്വീസ് കാലപരിധിയായ എഴുപതാം വയസ്സിലാണ് ഇദ്ദേഹം വിരമിക്കുന്നത്.പതിനയ്യായിരത്തോളം പേരാണ് ഈ മേഖലയിൽ നിലവിലുള്ളത്. നിക്ഷേപ പിരിവുകാർക്കു അനുകൂല്യങ്ങളും പെൻഷനും അനുവദിക്കണമെന്ന ആവശ്യത്തോട് ഇടതു വലതു സർക്കാരുകൾ മുഖം തിരിച്ചതാണ് ഈ ദൈന്യതയ്ക്ക് കാരണം.
കണ്ണൂർ തോട്ടട കാഞ്ഞിരയിലെ തിലകൻ സഹകരണ അർബൻ ബാങ്കിൽ നിക്ഷേപ പിരിവുകാരനായത് അരനൂറ്റാണ്ടു മുമ്പാണ്. സൈക്കിളിൽ നഗരം ചുറ്റി ഒന്നും രണ്ടും രൂപ പലരിൽ നിന്നായി ശേഖരിച്ച് ബാങ്കിലടച്ച് കിട്ടുന്നതിലെ കമ്മിഷൻ കൊണ്ടാണ് കഴിഞ്ഞു പോയത്. കിട്ടുന്ന വരുമാനം നിലച്ചാൽ മറ്റുള്ളവരെ ആശ്രയിക്കണമെന്നതുകൊണ്ടു മാത്രമാണ് എഴുപതുവരെ ജോലി തുടർന്നത്.
കണ്ണുതുറക്കാതെ പെൻഷൻ ബോർഡ്
5000 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് അതിന്റെ 10 ശതമാനം വിഹിതവും ബാങ്കിന്റേതായി 12 ശതമാനം വിഹിതവും പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുന്നുണ്ടെങ്കിലും വിരമിക്കൽ സമയത്ത് നാല് ലക്ഷം രൂപ തികഞ്ഞാൽ മാത്രമെ പെൻഷനുള്ളു എന്ന നയമാണ് പെൻഷൻ ബോർഡിനുള്ളത്. നാമമാത്രമായ സംഖ്യ ക്ഷേമനിധിയിൽ പിടിക്കുന്നുണ്ടെങ്കിലും ക്ഷേമനിധി പെൻഷൻ ഇതുവരെ അനുവദിച്ചിട്ടില്ല.
രണ്ടു മുതൽ 3 ശതമാനം വരെയുള്ള കമ്മിഷനാണ് വേതനം. ഇവരുടെ ക്ഷേമം മുൻ നിറുത്തി 2001ൽ ക്ഷേമ പദ്ധതിയും 2005ൽ സ്ഥിരപ്പെടുത്തലും 2015ൽ സ്ഥിര വേതനവും 2020ൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനങ്ങളിൽ നാലിലൊന്ന് സംവരണവും ഉറപ്പാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പ്രാഥമിക മേഖലയിൽ ഇത് ഇന്നും പൂർണ്ണമായി നടപ്പാക്കിയില്ല.
''നിക്ഷേപ പിരിവുകാർക്ക് ജീവിക്കാനുളള വരുമാനം പോലും നിഷേധിക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്ന് 2008ൽ ഇതേക്കുറിച്ച് പഠനം നടത്തിയ രാധാകൃഷ്ണൻ കമ്മറ്റി കണ്ടെത്തിയിരുന്നു. സഹകരണ മേഖല സ്വരൂപിച്ച മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം മുൻകാല പ്രാബല്യത്തോടെ സർവ്വീസിലേക്ക് അബ്‌സോർബ് ചെയ്ത് അതിജീവനം ഉറപ്പുവരുത്തണം.
-സുരേഷ് ബാബു മണ്ണയാട്, ജില്ല സെക്രട്ടറി, സി.ബി.ഡി.സി. എ ജില്ല കമ്മിറ്റി
''ഗ്രാറ്റുവിറ്റിയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ബാങ്കിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. റോഡിൽ അപകടങ്ങളുടെ നടുവിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷ്വറൻസുമില്ല.
-ഒ.പി. തിലകൻ