ചെറുവത്തൂർ: കാലിക്കടവ് രമ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് 2 ന് തിരിതെളിയും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6 മണിക്ക് നാടകോത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അദ്ധ്യക്ഷയാകും. ന്നാ താൻ പൊയ് കേസ് കൊട് എന്ന സിനിമയിലെ അഭിനേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

തുടർന്ന് ഏഴരയ്ക്ക് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ട് ഒരു കഥ എന്ന നാടകം അരങ്ങേറും. 3 ന് ചിറയിൻകീഴ് അനുഗ്രഹ യുടെ നായകൻ, 4 ന് അയനം നാടക വേദിയുടെ ഒറ്റ വാക്ക്, 5 ന് കോട്ടയം സുരഭിയുടെ കാന്തം, 6 ന് വടകര വരദയുടെ മക്കൾക്ക് എന്നിങ്ങനെ 5 നാടകങ്ങൾ അരങ്ങിലെത്തും. മികച്ച നാടകത്തിനും കലാകാരന്മാർക്കും അവാർഡുകൾ നൽകും.

സമാപന ചടങ്ങ് മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. ഇ.പി രാജഗോപാലൻ മുഖ്യാതിഥി ആകും. തുടർന്ന് രമ്യ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, എം. സുരേന്ദ്രൻ, ഡോ. എം.കെ രാജശേഖരൻ പ്രമോദ്, കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.