ആറളം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പതിച്ചു നൽകിയതിൽ താമസിക്കാത്തവരുടെ ഭൂമി തിരിച്ചെടുക്കാൻ നടപടി തുടങ്ങി. പതിച്ച് നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച് അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് നൽകാനാണ് പരിശോധന.

പുനരധിവാസ മേഖലയിൽ 225 കുടുംബങ്ങൾ ഭൂമി കൈയേറി കുടിൽ കെട്ടി താമസിക്കുന്നുണ്ട്. കൂടാതെ നേരത്തെ അനുവദിച്ച പട്ടയങ്ങൾ പരസ്പരം സമ്മതിച്ച് മാറ്റം ചെയ്ത് വീട് നിർമ്മിച്ചവരുമുണ്ട്. ഇത്തരം പട്ടയങ്ങൾ എല്ലാം നിയമ വിധേയമാക്കാനുള്ള സാദ്ധ്യതയും പരിഗണിക്കും.
പുനരധിവാസ മേഖലയിൽ അടുത്തഘട്ട ഭൂവിതരണത്തിനായി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ഭൂരഹിത ആദിവാസികളിൽനിന്ന് അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള പട്ടയക്കാർക്ക് ഭൂമി തിരിച്ചു പിടിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകും.

ഏഴുമുതൽ പതിമൂന്നാം ബ്ലോക്ക് വരെയുള്ള ഭൂമിയിലാണ് പരിശോധന. ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ അടക്കമുള്ള സംഘമാണ് പുനഃപരിശോധനയാരംഭിച്ചത്.

ഫാമിൽ ബ്ലോക്ക് ഏഴിലും 10ലുമായി മറ്റ് ജില്ലകളിൽ നിന്നുള്ള 400 കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. ഭൂമി ലഭിച്ച കുടുംബങ്ങൾ ഫാമിലെത്തി താമസിക്കണമെന്ന് ട്രൈബൽ റവന്യൂ വകുപ്പുകൾ പലതവണ അറിയിച്ചിരുന്നു. എങ്കിലും അറിയിപ്പ് പുനരധിവാസ കുടുംബങ്ങൾ ഗൗനിക്കാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഫാമിൽ ഭൂമി ഏറ്റെടുക്കാത്തവരുടെ ഭൂമി തിരിച്ച് പിടിക്കാനും നടപടിയായതായി ട്രൈബൽ റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാനകളുടെയും മറ്റ് കാട്ടുമ്യഗങ്ങളുടെയും ശല്യം രൂക്ഷമായതിനെ തുടർന്ന് നൂറ് കണക്കിന് പുനരധിവാസ കൂടുംബങ്ങൾ പലായനം ചെയ്തതും ആറളം ഫാമിൽ കൃഷിയിടങ്ങൾ വന മാതൃകയിലാവാൻ കാരണമായി.

ഭൂമി നൽകിയത് 3500 കുടുംബങ്ങൾക്ക്, താമസിക്കുന്നത് 2000 കുടുംബങ്ങൾ
ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി നാല് ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതമാണ് പതിച്ചു നൽകിത്. എന്നാൽ, ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് 2000 പേർ മാത്രമാണെന്നാണ് ട്രൈബൽ മിഷൻ രേഖകൾ.

1650 പേർക്ക് വീട് നിർമ്മിക്കാൻ പണം അനുവദിച്ചു. ഇതിൽ വീട് നിർമ്മിച്ച 400 കുടുംബങ്ങൾ കാട്ടാന ഭീഷണിയിൽ വീട് ഉപേക്ഷിച്ച് പോയി. വയനാടിൽനിന്നുള്ള 450 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ 50 കുടുംബങ്ങൾ ഫാമിൽ താമസിക്കുന്നു. ബാക്കിയുള്ളവരുടെ ഭൂമി അനാഥാവസ്ഥയിൽ കാട് കയറിയതിനാൽ കാട്ടാനകൾ താവളമാക്കി. അവശേഷിച്ച 1500 കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ആറളം ഫാം കാട് കയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.