kalosavam
kalosavam

കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്‌സ് - ബി.ആർ.സി കലോത്സവം 'മഴവില്ല് 2022' നാളെ നടക്കും. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയാവും.

ബഡ്‌സ് - ബി.ആർ.സി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും കലോത്സവം സംഘടിപ്പിച്ചുവരുന്നത്. 350-ലധികം മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, ലളിതഗാനം, മിമിക്രി, നാടൻപാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം എന്നീ ഇനങ്ങളിലാണ് മത്സരം. ക്രയോൺ, പെൻസിൽ ഡ്രോയിംഗ്, എബോസ് പെയിന്റിംഗ് എന്നീ സ്റ്റേജിതര ഇനങ്ങളിലും മത്സരമുണ്ടാകും. ജില്ലയിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷർ, ജില്ലാ സാമൂഹിക നീതി ഓഫീസർ അഷറഫ് കാവിൽ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും