കോഴിക്കോട്: നല്ല സിനിമയാണെങ്കിൽ ചെറിയ കഥാപാത്രമാണെങ്കിലും അഭിനയിക്കാൻ തയ്യാറാണെന്ന് നടി ഐശ്വര്യലക്ഷ്മി. 'കുമാരി' സിനിമയുടെ അണിയറ പ്രവർത്തകരുമായി കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയെങ്കിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചതായി അവർ പറഞ്ഞു.
നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. നായികാപ്രധാന്യമുള്ള സിനികൾ ലഭിച്ചത് ഭാഗ്യമായി കരുതുന്നു. നിർമ്മാണ രംഗത്തേക്കുള്ള പ്രവേശനവും അത്തരത്തിലാണ്. സുഹൃത്തുക്കളായ സഹപ്രവർത്തകർ നൽകുന്ന സ്നേഹവും ബഹുമാനവുമാണ് 'കുമാരി'യുടെ നിർമ്മാണത്തിലും പങ്കാളിയാവാൻ കാരണം. കുമാരി എന്ന ശക്തമായ കഥാപത്രത്തെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസം. ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ച സിനിമയായിരുന്നെങ്കിലും പിന്നീട് വലിയ കാൻവാസിൽ ഒരുക്കുകയായിരുന്നുവെന്ന് സംവിധായകൻ നിർമ്മൽ സഹദേവ് പറഞ്ഞു. നടനും നിർമ്മാതാവുമായ ജിജു ജോൺ, പി.ആർ.ഒ പ്രവീൺ എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു. പ്രസ് ക്ലബ് ഫിലിം സെസൈറ്റി കൺവീനർ എ.വി ഫർദിസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുമാരി സിനിമ ടീമിന് പ്രസ് ക്ലബ്ബിന്റെ ഉപഹാരം സമർപ്പിച്ചു.