
കൽപ്പറ്റ: സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആളിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടി. കോഴിക്കോട് കൊടുവള്ളി പൊന്നാരത്ത് അബ്ദുൽ മജീദ് ( 52) ൽ നിന്നുമാണ് പണം പിടികൂടിയത്. ഇയാളിൽ നിന്നും രേഖകളില്ലാത്ത 16 ലക്ഷം രൂപ കണ്ടെടുത്തു. കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളെ ശല്യം ചെയ്തകേസിലാണ് ഇയാൾ അറസ്റ്റിലായത്. കോഴിക്കോട് നിന്നും വരികയായിരുന്ന ബസിൽ ചുരത്തിൽ വച്ചാണ് യാത്രക്കാരികളായ സ്ത്രീകളെ ശല്യം ചെയ്തത്. തുടർന്ന് ഇയാളെ ലക്കിടിയിൽ വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും തുക കണ്ടെത്തിയത്. സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ ആരും പരാതി നൽകിയിട്ടില്ല. പണം പിടികൂടിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കുഴൽപ്പണത്തിന്റെ ഏജന്റാണ് ഇയാൾ എന്നാണ് പൊലീസ് സംശയിക്കുന്നത്.