
കോഴിക്കോട് : കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ അന്തരിച്ചു. അറുപത്തിമ്മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 11.30 ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക,കരൾ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിരുന്ന രാജീവൻ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്.
അദ്ദേഹത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (ഞാൻ) എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. ക്രിയാശേഷം, കുഞ്ഞാലി മരക്കാർ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് നോവലുകൾ.
വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലചെല്ലം തുടങ്ങിയ കവിതകളും പുറപ്പെട്ട് പോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ‘കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും’ നോവലിന് 2014ൽ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവൻ യുവകവികൾക്കുള്ള വി.ടി.കുമാരൻ പുരസ്‌കാരത്തിനും അർഹനായി. 2008-ലെ ലെടിഗ് ഹൗസ് ഫെല്ലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു.
പേരാമ്പ്ര പാലേരി തച്ചംപൊയിൽ വീട്ടിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന രാഘവൻ -ദേവി ദമ്പതികളുടെ മകനായി 1959-ലാണ് രാജീവന്റെ ജനനം.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായും ജോലിചെയ്തു. കോഴിക്കോട് സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ, ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്‌കാരിക വകുപ്പിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: സാധന. മക്കൾ: ശ്രീദേവി, പാർവതി (ആർജെ,റേഡിയോ മിർച്ചി). മരുമകൻ: ശ്യാം സുധാകരൻ (സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകൻ). രാജീവന്റെ ഭൗതീകദേഹം ഇന്ന് രാവിലെ 9 മുതൽ 11 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന്വയ്ക്കും. സംസ്കാരം വൈകിട്ട് 3 ന്ബാലുശ്ശേരി കോട്ടൂരിൽ.