nightparty
നിശാ പാർട്ടി

വീട്ടിലെ നൂറുകൂട്ടം പ്രശ്നങ്ങളും ഒറ്റപ്പെടലും എല്ലാംകൂടി ഭ്രാന്തുപിടിച്ചു നടക്കുന്ന സമയത്താണ് നേഹയ്ക്ക് (യഥാർത്ഥ പേരല്ല) കൊച്ചിയിലെ ഒരു പ്രമുഖ കോളേജിൽ ഡിഗ്രി പ്രവേശനം കിട്ടുന്നത്. ചെന്നപാടെ വീണതാകട്ടെ സീനിയേഴ്സിന്റെ സൗഹൃദ വലയിൽ. ഒരു ദിവസം ആൺ സുഹൃത്തിനോട് സംസാരിച്ചിരിക്കെ അറിയാതെ നേഹ മനസ് തുറന്നുപോയി. പ്രശ്നങ്ങളുടെ പിരിമുറുക്കത്തിൽ ഉറങ്ങാത്ത നേഹയ്ക്ക് അവൻ കാവലായി. എല്ലാ രാത്രികളിലും കോളേജിന് പുറത്ത് നടക്കുന്ന നിശാ പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായി അവൾ. കഞ്ചാവിന്റെയും സിഗരിറ്റിന്റെയും പുകച്ചുരുളുകൾ നിറഞ്ഞ മുറികളിലെ അരണ്ട വെളിച്ചത്തിൽ നേഹ എല്ലാം മറന്ന് സന്തോഷിച്ചു. ആ സന്തോഷം കെടാതിരിക്കാൻ വഴി തേടിയ നേഹയ്ക്ക് കൂട്ടുകാരൻ ആദ്യം സമ്മാനിച്ചത് എൽ.എസ്.ടി (പുതുതലമുറ മയക്കുമരുന്ന്) ആയിരുന്നു. പിന്നീട് എം.ഡി.എം.എ. കോളേജിലെ അവധി ദിനങ്ങൾ ഇരുവുടെയും ആഘോഷ ദിനങ്ങളായി.
വീട്ടിൽ നിന്ന് ഹോസ്റ്റൽ ഫീസായി കിട്ടുന്ന പണം മുഴുവൻ ലഹരിക്കായി നീക്കിവെച്ചു. രാത്രിയിലെ അമിത ലഹരി ഉപയോഗം മൂലം ക്ലാസിൽ ഉറക്കം തൂങ്ങൽ പതിവായി. ഒരു ദിവസം ക്ലാസിൽ തല കറങ്ങി വീണതോടെ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് നേഹയുടെ ലഹരി വലയം തെളിഞ്ഞത്. ബാഗിൽ നിന്ന് എം.ഡി.എം.എയുടെ നിരവധി പായ്ക്കറ്റുകൾ കണ്ടെത്തിയതോടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

മാസങ്ങൾ നീണ്ട കൗൺസിലിംഗിനും മരുന്നിനും ശേഷമാണ് നേഹ സാധാരണ ജീവിതത്തിലേക്ക് എത്തിയത്.

വൻകിട ലഹരി മാഫിയകൾ തങ്ങളുടെ വിൽപ്പനക്കാരെ ഉപയോഗിച്ച് കഞ്ചാവ് കത്തിച്ചാണ് പാർട്ടി നടക്കുന്ന ഇരുണ്ട മുറികളിൽ പുകച്ചുരുളുകൾ ഉണ്ടാക്കുന്നത്. പാർട്ടി കഴിഞ്ഞ് മടങ്ങുന്നവർ തലേ ദിവസം മത്തുപിടിപ്പിച്ച സാധനം തേടി 'സംഘാടകരുടെ' അടുത്തേക്ക് രഹസ്യമായി എത്തുകയാണ്. നിശാ പാർട്ടികൾ ലഹരി കൈമാറ്റത്തിന്റെ മുഖ്യ കേന്ദ്രം കൂടിയാണ്.

@ രക്ഷിതാക്കളും

സത്യം തിരിച്ചറിഞ്ഞു

ഞങ്ങളുടെ മക്കൾ ലഹരി ഉപയോഗിക്കില്ലെന്ന രക്ഷിതാക്കളുടെ പഴഞ്ചൻ പ്രയോഗത്തിൽ നിന്ന് അവനെ അല്ലെങ്കിൽ അവളെ എങ്ങനെ രക്ഷിക്കാം എന്ന രീതിയിലേക്ക് രക്ഷിതാക്കൾ എത്തിത്തുടങ്ങി. അതിന് തെളിവാണ് വിമുക്തി കേന്ദ്രങ്ങളിലേക്ക് ദിവസവും എത്തുന്ന ഫോൺ കോളുകൾ. ചുരുങ്ങിയത് 20 കേസെങ്കിലും ഒരു ദിവസം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിമുക്തി കേന്ദ്രം അധികൃതർ പറയുന്നത്.

@ വിമുക്തിയിലേക്ക് വിളിക്കാം

ലഹരിയ്ക്ക് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിമുക്തി എന്നും കൂടെയുണ്ട്. ടോൾ ഫ്രീ നമ്പറായ 9447178000, 9061178080 ബന്ധപ്പെടാം. പരാതിക്കാരുടെ വിവരങ്ങൾ ചോർന്ന് പോകാത്ത രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. ഫോൺ കോളുകൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ എത്തുകയും അവിടെ നിന്ന് പരാതിയുടെ കേന്ദ്രം നോക്കി വിവരങ്ങൾ അതത് ഓഫീസുകളിലേക്ക് കെെമാറുകയുമാണ് ചെയ്യുന്നത്.

(ബോക്സ്)

ഡോ.പി.എൻ.സുരേഷ് കുമാർ,

ചേതന സെന്റർ ഫോർ ന്യൂറോ സെെക്യാട്രി

വേണ്ടത് കൗൺസിലിംഗും സൈക്കോ തെറാപ്പിയും

മയക്ക് മരുന്നിന്റെ തുടർച്ചയായ ഉപയോഗത്തിലൂടെ തലച്ചോറിൽ പ്രകടകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. മെത്ത്, കന്നാബീസ്, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കൾ സൈക്കഡമിക് ഡ്ര​ഗ്സ് എന്ന വിഭാ​ഗത്തിൽപ്പെടുന്നവയാണ്. ഇവ നേരിട്ട് തലച്ചോറിനെ ബാധിച്ച് ന്യൂറോ കെമിക്കൽ ബാലൻസ് തകർക്കും. തലച്ചോറിൽ ഡോപമിന്റെയും സിറടോണിന്റേയും അളവ് കൂടും. അതോടെ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയ വിനിമയം തകരാറിലാവുകയും വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഉറക്കക്കുറവ്, ഭക്ഷണത്തോട് താത്പര്യമില്ലായ്മ, ശരീരം മെലിയൽ തുടങ്ങിയവയാണ് തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ. വൈകാതെ ഇത് സൈക്കോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ അവസ്ഥയിൽ ദേഷ്യം കൂടുകയും എടുത്തുചാട്ടം കൂടുകയും അക്രമാസക്തമായ രീതിയിൽ പെരുമാറുകയും ചെയ്യും. ദയ, അനുകമ്പ തുടങ്ങിയ സ്വഭാവ ​ഗുണങ്ങൾ നഷ്ടപ്പെട്ട് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും വരെ എത്തുന്ന മാനസികാവസ്ഥയാകും. കുട്ടികളിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ അവരെ അടിക്കുന്നതും ഉപദേശിക്കുന്നതും ഗുണം ചെയ്യില്ല. മരുന്നും കൗൺസിലിംഗുമാണ് ഫലപ്രദം. ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്ന് മുക്തരാക്കുന്ന ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലഹരി തലച്ചോറിൽ ഉണ്ടാക്കിയ അസന്തുലിതാവസ്ഥയെ ശരിയാക്കി കൊണ്ടുവരാനേ മരുന്ന് കൊണ്ട് സാധിക്കൂ. സൈക്കോ തെറാപ്പി ചികിത്സയാണ് ഉചിതം. ലഹരിയുടെ ലോകത്ത് നിന്ന് തിരിച്ചുവരുന്നവരെ കല, സംഗീതം എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചു വിടണം.