കോഴിക്കോട്: മണൽക്കടത്ത് പിടികൂടാതിരിക്കാൻ നൽകിയ കൈക്കൂലി പണം തിരികെ ചോദിച്ചതിന് ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. വിജിലൻസ് റേഞ്ച് എസ്.പി പരാതിക്കാരനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. പരാതിയുടെ കോപ്പി വിജിലൻസിന് കൈമാറാൻ ആവശ്യപ്പെട്ടു. സിറ്റി സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പിയ്ക്ക് കെെമാറി. ഫറോക്ക് ഡിവിഷന് കീഴിലുള്ള ഒരു സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് അനധികൃത മണൽക്കടത്ത് പിടിക്കാതിരിക്കാൻ ബേപ്പൂർ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയത്. ടിപ്പർ ലോറിയും എസ്കവേറ്ററും പിടിച്ചെടുത്തതോടെയാണ് ഡ്രൈവർ ഇൻസ്പെക്ടറുടെ താമസ സ്ഥലത്തും സ്റ്റേഷനിലുമെത്തി കൈക്കൂലി പണം തിരികെ ചോദിച്ചത്. ഇതോടെ ഡ്രൈവറെ ഇൻസ്പെക്ടർ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസന് പരാതി നൽകി.