''മോളി എവിടെ കിട്ടും..?''
എം.ഡി.എം.എ ആവശ്യക്കാരന്റേതാണ് ചോദ്യം. എം.ഡി.എം.എ എന്ന മയക്കുമരുന്ന് മോളിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ലഹരിക്കച്ചവടം നടത്തി പിടിയിലായ 21 കാരനായ വിദ്യാർത്ഥിയാണ് മയക്കുമരുന്ന് കച്ചവടത്തിലെ കോഡ്ഭാഷയെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. മയക്കുമരുന്നിന്റെ വിപണനം ലളിതവും എളുപ്പം പിടിക്കപ്പെടാതിരിക്കാനും പ്രത്യേക കോഡ് ഭാഷ ഉപയോഗിക്കും. “അഞ്ച് ആളുണ്ട് പണിയുണ്ടാകുമോ?” എന്ന ചോദ്യത്തിനർത്ഥം അഞ്ച് കിലോ കഞ്ചാവുണ്ട്, വിൽക്കാൻ പറ്റുമോ എന്നാണത്രെ. ''മെത്ത് ഉണ്ടോ'' , ''പൊടി തീർന്നോ'', '' മരുന്ന് എവിടെ കിട്ടും'' ''കല്ലിന് ഭയങ്കര വിലയാണ്'' എന്നതൊക്കെ എം.ഡി.എം.എ കിട്ടാനുള്ള ചോദ്യങ്ങളാണ്. മാത്രമല്ല ഇടുന്ന വസ്ത്രങ്ങൾ, നിൽക്കുന്ന സ്ഥലങ്ങൾ, കൈയ്യിൽ കെട്ടുന്ന ചരട്, പാന്റ്സിന്റെ നിറം തുടങ്ങിയ പലതും ലഹരിക്കച്ചവടത്തിലെ അടയാളങ്ങളാണ്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ കല്ല്, പവർ, എന്നീ കോഡുകൾ ഉപയോഗിച്ചാണ് എം.ഡി.എം.എ കൈമാറുന്നത്. കഞ്ചാവിന് 'മരുന്ന് ' എന്ന വിളിപ്പേരും ഇടപാടുകാർ ഉപയോഗിക്കുന്നുണ്ട്.
@ ട്രെൻഡാകുന്ന ഹൈഡ്രോപോണിക് വീഡ്
വിദേശരാജ്യങ്ങളിലെ ലഹരി വിപണിയിലെ രാജാക്കന്മാരായ ഹെെഡ്രോപോണിക് വീഡ് കേരളത്തിലെ യുവാക്കൾക്കിടയിലും പ്രിയപ്പെട്ടതാകുകയാണ്. കഞ്ചാവ് പോലെ അമേരിക്കയിൽ കൃഷി ചെയ്യുന്ന ലഹരി മരുന്നാണിത്. വളരെ മുന്തിയതും അപകടം പിടിച്ചതുമായ ഇത്തരം ലഹരി വസ്തുക്കൾ കൊറിയർ മുഖേനയാണ് ഇന്ത്യയിലേക്ക് കൂടുതലായും എത്തുന്നത്. ക്രിപ്‌റ്റോ കറൻസി വഴിയാണ് ലഹരി ഓർഡർ ചെയ്യുന്നതടക്കമുള്ള നടപടികൾ നടക്കുന്നത്. നിശാപാർട്ടികളിൽ മറ്റുള്ളവരുടെ മുമ്പിൽ പരിഗണന ലഭിക്കാനും എളുപ്പം കച്ചവടം നടക്കാനുമാണ് ഇത്തരം മുന്തിയ ലഹരിവസ്തുക്കൾ റിസ്ക് എടുത്ത് എത്തിക്കുന്നത്. അപൂർവമായ ഇത്തരം ലഹരി വസ്തുക്കൾ കൈയ്യിലുണ്ടെന്നറിയുമ്പോൾ പാർട്ടികളിൽ പ്രത്യേക പരിഗണനയാണ് ലഭിക്കുക. മാത്രമല്ല മോഹവിലയ്ക്കാണ് ഇവ വിറ്റഴിക്കപ്പെടുന്നത്.
@ ലഹരി കടത്താൻ വെർച്വൽ സിമ്മും
കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ലഹരിമാഫിയ വെർച്വൽ സിമ്മും ഉപയോഗിക്കുന്നുണ്ടെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. സിം ഇടാതെ തന്നെ മൊബൈലുപയോഗിച്ച് ആശയവിനിമയം നടത്താൻ സാധിക്കുന്നതിനാൽ അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്നതാണ് വെർച്വൽ സിം ഉപയോഗിക്കാൻ കാരണം.
സേവനദാതാവിന്റെ കംപ്യൂട്ടർ ഒരു ടെലിഫോൺ നമ്പർ ജനറേറ്റു ചെയ്യും. ഇത്
ഉപയോഗിക്കുന്നയാൾ ദാതാവിന്റെ ആപ് ഡൗൺലോഡ് ചെയ്ത് തന്റെ സ്മാർട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം
ഈ നമ്പർ സമൂഹമാദ്ധ്യമ സേവനങ്ങളായ വാട്‌സാപ്, ഫെയ്‌സ്ബുക്, ട്വിറ്റർ, ടെലഗ്രാം തുടങ്ങിയവയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇവയിലൂടെയാണ് വെരിഫിക്കേഷൻ കോഡ് ജനറേറ്റു ചെയ്യുന്നത്. ഉപയോഗിച്ച നമ്പറുകൾ ഒരു കൺട്രി കോഡ് അല്ലെങ്കിൽ മൊബൈൽ സ്റ്റേഷൻ ഇന്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയറക്ടറി (എം.എസ്.ഐ.എസ്.ഡി.എൻ) നമ്പർ ഉപയോഗിച്ച് മുൻകൂട്ടി നിശ്ചയിച്ചാണ് പ്രവർത്തനം. ഇവ സാധാരണ സിം പോലെ ഉപയോഗിക്കാം. അമേരിക്ക, കാനഡ, യു.കെ., ഇസ്രയേൽ, കരീബിയ എന്നിവിടങ്ങളിലെ വെർച്വൽ സിമ്മുകളാണ് ഏറെയും ഉപയോഗിക്കുന്നത്. ഗൂഗിളിൽ ഇതിനായുള്ള വെബ്‌സൈറ്റുകൾ ധാരാളമുണ്ട്. ഇടയ്ക്കിടെ ഫോണുകളും സിമ്മുകളും മാറിക്കൊണ്ടിരിക്കുന്നവർക്ക് വെർച്വൽ സിം സൗകര്യപ്രദമാണ്.
''വെർച്ചൽ സിം ഇപ്പോൾ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് ഫോണുകളെല്ലാം വിശദമായ വിശകലനം നടത്തിക്കഴിയുമ്പോൾ മാത്രമാണ് വെർച്വൽ സിം കാർഡ് ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടുപിടിക്കാൻ സാധിക്കുക. കുറച്ച് ബുദ്ധിമുട്ടാണ് ഇത്തരം കേസുകൾ കണ്ടുപിടിക്കാൻ''
ജിതേഷ്,
സീനിയർ സിവിൽ പൊലീസ് ഓഫീസർ,സൈബർ സെൽ
@ ചേർത്തുപിടിക്കാം, തിരികെ കൊണ്ടുവരാം
പുതു തലമുറയുടെ ലഹരി ഉപയോഗം കണ്ടുപിടിക്കാൻ പ്രയാസമുള്ള കാര്യം തന്നെയാണ്.
അതുകൊണ്ടുതന്നെ, ലഹരിയുപയോക്താൾ പൊതുവിൽ പ്രകടമാക്കാറുള്ള ലക്ഷണങ്ങളെപ്പറ്റി അത്യാവശ്യ അവബോധം നേടുന്നതിലൂടെ ആവരെ ലഹരിവലയിൽ പെടാതെ സംരക്ഷിക്കാൻ സാധിക്കും. കുട്ടികളിലെ അസാധാരണ പെരുമാറ്റങ്ങൾ, അമിത ഉത്ക്കണ്ഠ, ഏകാഗ്രതയും ഓർമയും ദുർബലമാവുക, ശാരീരികാരോഗ്യം വഷളാവുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അവരെ കേൾക്കാൻ തയ്യാറാകുക. വീഴ്ചയിൽ കുറ്റപ്പെടുത്താതെ കൈ പിടിച്ചെഴുന്നേൽപ്പിക്കണം. മാത്രമല്ല കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കുടുംബങ്ങളിൽ സാഹചര്യമൊരുക്കണം.
ലഹരിയുടെ അടിമത്വത്തിൽ നിന്ന് അവരെ അകറ്റുന്നതിനുള്ള കൗൺസിലിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. വിദ്യാലയങ്ങൾ, കാമ്പസുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിലെത്തിക്കേണ്ടതുണ്ട്.
ലഹരിമാഫിയകളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ആർജവം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുകയും അണുവിടവ്യത്യാസമില്ലാതെ നിയമം നടപ്പിലാക്കുകയും വേണം.
(അവസാനിച്ചു)