messi-neymar

കോഴിക്കോട് : പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഇത്തരമൊരു നിർദ്ദേശമുണ്ടെന്ന് അറിഞ്ഞതോടെ ആരാധകർ നിരാശയിലാണ്.

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് വൈറലായ മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ സെക്രട്ടറി നിർദ്ദേശം നൽകിയത്.
ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിൽ കഴിഞ്ഞയാഴ്ചയാണ് 30 അടി ഉയരമുള്ള അർജന്റീന ഫുട്‌ബോൾ ടീം ആരാധകർ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർച്ചയാവുകയും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. തുടർന്നാണ് 40 അടി ഉയരത്തിൽ ബ്രസീൽ ആരാധകർ നെയ്മറിന്റെ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ടുകൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ചെറുപുഴയ്ക്ക് സമീപം എത്തിയിരുന്നത്. അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്ന് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.