കോഴിക്കോട് : പുസ്തകങ്ങളെ അനാഥരാക്കരുതെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. മേത്തോട്ടുതാഴം വിവേകദായിനി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ നമ്മെ നല്ല മനുഷ്യരാക്കും. കുട്ടികൾ പുസ്തകം കണ്ട് വളരണം. മലയാളി വളർന്നത് വായനയിലൂടെയാണ്. പണം കുറവാണെങ്കിലും മുൻ തലമുറ ഒരുപാട് വായിച്ചു. നന്മയുള്ള തലമുറ ഉണ്ടാവാൻ വായന വേണം. പതിനായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. പക്ഷേ എത്ര വായനക്കാരുണ്ടെന്നതാണ് ചോദ്യം.
എസ്.കെ.പൊറ്റെക്കാട് നാല് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട വിവേകദായനി വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുകുന്ദൻ പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർ കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഖദീജ മുംതാസ് മുഖ്യാതിഥിയായി. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ എം.പി.സുരേഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സുബൈർ കൊളക്കാടൻ, വി. സുരേഷ്ബാബു, ടി.പി. കോയ മൊയ്തീൻ, പി.പീതാംബരൻ, ജിജീഷ് നടുത്തൊടി, കെ.പി. സുരേഷ്, ജെ.എം. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.