കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ധരിച്ചിരുന്ന ട്രൗസറിന്റെ കയർ കയർ കഴുത്തിൽ കുരുക്കി ആത്മഹത്യ ശ്രമം നടത്തുന്നതിനിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെടുത്തുകയായിരുന്നു. വിനേഷിനെതിരെ ആത്മഹത്യാ ശ്രമത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭയപ്പെടുത്താൻ ഇയാൾ മനഃപൂർവം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് ചാടിയിരുന്നു. വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷിനെ കർണാടകയിൽ വെച്ച് പിടികൂടിയത്. മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് അവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽപെടുകയായിരുന്നു.