news-
കുളങ്ങരത്ത് -വാളൂക്ക് റോഡ് തകർന്നനിലയിൽ

കുറ്റ്യാടി: പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നവീകരണം തുടങ്ങാത്തതിനാൽ കുളങ്ങരത്ത് -വാളൂക്ക് റോഡിൽ ദുരിത യാത്ര. സംസ്ഥാന പാത 38 നരിപ്പറ്റ റോഡിൽ നിന്നാരംഭിക്കുന്ന വാളൂക്ക് റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്. പലയിടത്തും വലിയ വെള്ളക്കെട്ട് രൂപപെട്ടത് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. കുന്നുമ്മൽ, നാദാപുരം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് 21 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് കടന്നുപോകുന്നത്. 10 മീറ്റർ വീതിയിലാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. കണ്ണൂരിലെ കെ.കെ.ബിൽഡേഴ്സിനാണ് കരാർ. റോ‌ഡിന്റെ അവസ്ഥ പരിതാപകരമായിട്ടും അറ്റകുറ്റപ്പണി പോലും നടത്താത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതമകറ്റണമെന്ന് നാദാപുരം മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഒട്ടോറിക്ഷ പോലും സർവീസ് നിർത്തേണ്ട സാഹചര്യമാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.ടി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സൂപ്പി, കെ.അഷ്റഫ് ,കെ.രവീന്ദ്രൻ, അഷറഫ് കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു.