pattathanam
രേവതി പട്ടത്താനത്തിന്റെ ഭാഗമായി തളി മഹാക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രഭാവർമ പ്രസംഗിക്കുന്നു.

കോഴിക്കോട്: ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം പ്രൗഢിയോടെ ആഘോഷിച്ചു. തളി ക്ഷേത്രത്തിനകത്ത് നടന്ന വൈദികചടങ്ങുകൾക്ക്‌ ശേഷം ക്ഷേത്രപരിസരത്ത് സജ്ജമാക്കിയ രേവതി പട്ടത്താന ശാലയിൽ പുരസ്‌കാര ദാനവും പൊതുപരിപാടികളും നടന്നു. വേദാന്ത പണ്ഡിതനായ പ്രൊഫ. വി.രാമകൃഷ്ണഭട്ടിന് വാതിൽമാടത്തിൽ വെച്ച് സാമൂതിരി കെ.സി. ഉണ്ണിയനുജൻരാജ പണക്കിഴി നൽകി ആദരിച്ചതോടെയാണ് പാരമ്പര്യചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രത്തിൽ ഉദയാസ്തമയപൂജ, മുറജപം, നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവയുമുണ്ടായി.

രാവിലെ ഏഴിന് നടന്ന ശാസ്ത്രസദസിൽ ഡോ. കല്ലാനിക്കാട് മഹേശ്വരൻ നമ്പൂതിരി, ഡോ. ഇ.ആർ. നാരായണൻ, പ്രൊഫ. എണ്ണാഴി രാജൻ നമ്പൂതിരി, പ്രൊഫ. വി. രാമകൃഷ്ണഭട്ട് എന്നിവർ പങ്കെടുത്തു.

ക്ഷേത്രപരിസരത്ത് തയാറാക്കിയ രേവതി പട്ടത്താനശാലയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി രാജ കെ.സി.ഉണ്ണിയനുജൻ രാജ അദ്ധ്യക്ഷനായി. കവി എൻ.പ്രഭാവർമ്മ മുഖ്യാതിഥിയായി. വാക്കാണ് ഏറ്റവും വലിയ അലങ്കാരമെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്ത സംസ്‌കാര പൈതൃകത്തിന്റെ പിൻമുറക്കാരാണ് രേവതി പട്ടത്താനം ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതിയും കലാസംസ്‌കാരവും സാഹിത്യചരിത്രവും രൂപപ്പെട്ടത് ‌ സംവാദസഭകളിലൂടെയാണെന്ന് പ്രഭാവർമ്മ പറഞ്ഞു.
രേവതി പട്ടത്താനത്തോടനുബന്ധിച്ചുള്ള കൃഷ്ണഗീതി പുരസ്‌കാരം ഡോ. അനിൽ വള്ളത്തോളിന് സാമൂതിരി രാജ കെ.സി. ഉണ്ണിയനുജൻ രാജ സമ്മാനിച്ചു. മനോരമ തമ്പുരാട്ടി പുരസ്‌കാരം പ്രൊഫ. കെ.കെ.എൻ. കുറുപ്പും നൃത്തദേവതാ പുരസ്‌കാരം ഡോ.രാജശ്രീ വാര്യരും കൃഷ്‌നാട്ടം കലാകാരൻ എം.ഗോപാലകൃഷ്ണനും ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ടി.എം.ബാലകൃഷ്ണൻ ഏറാടി, ടി.ആർ. രാമവർമ്മ, പി.കെ. പ്രദീപ്കുമാർ രാജ, പി.സി. രഞ്ജിത്ത് രാജ, ഡോ. ഇ.കെ. ഗോവിന്ദവർമ്മ രാജ എന്നിവർ പ്രസംഗിച്ചു. പുരസ്‌ക്കാര ജേതാക്കൾ മറുപടി പറഞ്ഞു.