cement
cement

കോഴിക്കോട്: സിമന്റ്, ക്വാറി ഉത്പ്പന്നങ്ങളുടെ അനിയന്ത്രിത വില വർദ്ധനവിന് കൂച്ചു വിലങ്ങിടാൻ വ്യാപാരികൾ രംഗത്ത്. മൂന്ന് നാലുമാസം മുമ്പ് 425 രൂപ മുതൽ 470 രൂപ വരെ ആയിരുന്ന സിമന്റാണ് ഇപ്പോൾ 500 നടുത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിർമാണമേഖല മാന്ദ്യത്തിൽ നിന്നും കര കയറുന്നതിനിടയിലാണ് വിലക്കയറ്റം നിർമ്മാണമേഖലയ്ക്ക് തിരിച്ചടിയാകുന്നത്. ചെറുകിട കരാറുകാരെയാണ് സിമന്റ് വിലവർദ്ധനവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ ഒരു ടൺ സ്റ്റീലിന് 20000രൂപ വർദ്ധിച്ചു. പെയിന്റ്, പി.വി.സി ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, ടൈൽസ് എന്നിവയ്ക്കും 15 ശതമാനം മുതൽ 30 ശതമാനം വരെ വില വർദ്ധിച്ചു. സ്റ്റീലിന് ഇപ്പോൾ 75 രൂപയാണ്. എന്നാൽ ഈ മേഖലയെ സംരക്ഷിക്കാൻ ആവശ്വമായ യാതൊരു നടപടിയും കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ഭാഗ ത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ലെെസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവെെസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനത്ത് വില നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണ് വില കുതിച്ചുയരാൻ കാരണം. സിമന്റ് ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ സാധനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. സിമന്റ്, കട്ടില, ജനൽ എന്നിവയ്ക്കൊക്കെ പൊള്ളുന്ന വിലയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് വരുന്നത്. ഇത് പരമാവധി മുതലാക്കുകയാണ് സിമന്റ്, സ്റ്റീൽ ഉത്പാദകർ.

മലബാർ സിമന്റ്സ് ഉൾപ്പെടെ പൊതുമേഖലയിൽ സിമന്റ് നിർമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ ആവശ്യത്തിന് ഇത് തികയാത്ത അവസ്ഥയാണ്. മലബാർ സിമന്റ്സ് ഉത്പ്പാദനം 25 ശതമാനമെങ്കിലും വർദ്ധിപ്പിച്ചാൽ ഒരു പരിധിവരെ കുത്തക കമ്പനികളെ നിയന്ത്രിക്കാം. ഇതിനായി സർക്കാർ പ്രഖ്യാപനം നട ത്തുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ല. വെറും സ്ക്രാപ്പ് മാത്രം കൊണ്ട് സ്റ്റീൽ നിർമിക്കുന്നവരും ഈ അവസരം മുതലെടുക്കുകയാണ്. നിർമാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തോടും സർക്കാരുകൾ മുഖം തിരിഞ്ഞുനിൽക്കുകയാണ്. ഒരു പരിശോധനയുമില്ലാതെ പേരില്ലാതെ, ചാക്കുകളിലായുള്ള സിമന്റും ഏജന്റുമാർ മുഖേന ജില്ലയിൽ വിൽപ്പന നടക്കുന്നുണ്ട്. ഇത് പരിശോധിക്കാനും നടപടിയില്ല.

@ ലെൻസ് ഫെഡ് സമരത്തിലേക്ക്

സംസ്ഥാനത്തെ നിർമാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലെൻസ്‌ഫെ‌‌ഡ് സംസ്ഥാന സമിതിയുടെ അഹ്വാനമനുസരിച്ച് ഇന്ന് രാവിലെ 10ന് സംസ്ഥാന വ്യാപകമായി കളക്ട്രേറ്റിന് മുന്നിൽ ധർണ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിസന്ധിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്താൻ കഴിയാത്തപക്ഷം സമരം കടുപ്പിക്കാൻ ലെൻസ് ഫെഡ് തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ ലെൻസ്‌ഫെഡ് പ്രസിഡന്റ് പി.എസ്.ജുഡ്സൺ, സെക്രട്ടറി എൻ.അജിത് കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സലീം, വെെസ് പ്രസിഡന്റ് വി.മനോജ്, പി.സി ഭരത് കുമാർ എന്നിവർ പങ്കെടുത്തു.