tourist-bus
tourist bus

കോഴിക്കോട്: ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത നിറ പരിഷ്‌ക്കരണം കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി ഉടമകൾ. വടക്കാഞ്ചേരിയിൽ വിനോദ യാത്രാ ബസ് അപകടത്തിൽപെട്ടതിനു പിന്നാലെ തുടരുന്ന പരിശോധനകൾ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും കോൺട്രാക്ട് കാര്യേജ് ഓണേഴ്സ് കമ്മ്യൂണിറ്റി വ്യക്തമാക്കി. കളർ കോഡ് നിലവിൽ വന്നത് ജൂൺ ഒന്നിനാണെന്നിരിക്കെ മേയ് അവസാനം പെയിന്റടിച്ച് നിരത്തിലിറങ്ങിയ ബസുകളോടു പോലും വീണ്ടും പെയിന്റടിക്കാൻ ആവശ്യപ്പെടുകയാണ്. പെയിന്റടിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്. മാത്രമല്ല വർക്ക് ഷോപ്പിലെ തിരക്ക് മൂലം പെയിന്റിംഗിന് മാസങ്ങൾ കാത്തിരിക്കേണ്ടിയും വരുന്നു. സർവീസ് നടത്തുന്ന ബസുകളെ പാതിവഴിയിൽ തടഞ്ഞ് നടത്തുന്ന പരിശോധന വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പലപ്പോഴും ട്രിപ്പുകൾ മുടക്കേണ്ട സ്ഥിതിയാണ്. കല്യാണം ഉൾപ്പെടെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുന്നത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ ആർ.സി ബുക്കിലുള്ള നിറത്തിൽ തന്നെ സർവീസ് നടത്താൻ അനുവദിക്കണം. മേഖലയിലെ നിയമ ലംഘകരെ കണ്ടെത്താൻ ഈ മേഖലയിലെ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാൻ നടപടിയെടുക്കണം. വാർത്താസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി ജലീൽ, ശരീഫ് കമ്പയിൻ, കിഷോർ കൈലാസ്, അർഷാദ് തുടങ്ങിയവർ പങ്കെടുത്തു.