nelkrishi
nelkrishi

കോഴിക്കോട്: നെൽവയലുകളിൽ കാർഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'കതിരണി' പദ്ധതിയിൽ ജില്ലയിലെ 200 ഹെക്ടർ തരിശുപാടങ്ങൾ കതിരണയും. കൃഷി വകുപ്പ്, കേരള സർക്കാർ യന്ത്രവത്ക്കരണ മിഷന്റെ ഭാഗമായുള്ള മലബാർ ടാസ്‌ക് ഫോഴ്‌സ്, തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവയുമായി സംയോജിപ്പിച്ചാണ് വർഷങ്ങളായി തരിശിട്ടിരുന്ന വയലുകളെ കൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നത്.

പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ തിക്കോടി, തുറയൂർ, അത്തോളി , ഉള്ള്യേരി, ചങ്ങരോത്ത്, മണിയൂർ, മേപ്പയ്യൂർ എന്നിവിടങ്ങളിലെ പാടശേരങ്ങളിലാണ് കൃഷിയിറക്കുന്നത് . ഇതിൽ കീഴരിയൂരിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 40 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കുന്നത്. വേളത്തെ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തി. 1 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്. തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കി മാറ്റുക. തുടർന്ന് ഈ സ്ഥലങ്ങളിൽ കൃഷിയിറക്കുകയാണ് കതിരണി പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തരിശുഭൂമിയായി കിടന്ന 140 ഹെക്ടർ ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. ചങ്ങരോത്ത്, തിക്കോടി, മേപ്പയ്യൂർ എന്നിവിടങ്ങളിലെ 80 ഏക്കറിലാണ് കൃഷിയിറക്കിയത്.

വെള്ളം കിട്ടാത്തതും വെള്ളം അധികം കെട്ടിക്കിടന്ന് നെല്ല് നശിക്കുന്നതും തൊഴിലാളിക്ഷാമവുമാണ് നെൽ വയൽ തരിശായി കിടക്കുന്നതിന് കാരണം. ജില്ലയിൽ വിവിധയിടങ്ങളിലായി ഹെക്ടർ കണക്കിന് ഭൂമിയാണ് തരിശായി കിടക്കുന്നത്. കൈതപ്പുല്ലും ആഫ്രിക്കൻപായലും മൂടി പാടശേഖരങ്ങൾ പലയിടങ്ങളും നശിക്കുകയാണ്. ദീർഘകാലം കൃഷിയിറക്കാത്തതിനാൽ പല പ്രധാന തോടുകളും കൈത്തോടുകളും നികന്ന് പോയ നിലയിലാണ്. അതിനാൽ പദ്ധതിയോടനുബന്ധിച്ച് തോട് നിർമാണം, കളകൾ നീക്കംചെയ്യൽ, നിലം ഉഴുതുമറിക്കൽ എന്നീ പ്രവർത്തനങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യും. സോളാർ പമ്പ് സെറ്റ്, ഫാം റോഡ്, ആധുനിക യന്ത്രവത്കരണ സംവിധാനങ്ങൾ എന്നിവ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കും. ശാസ്ത്രീയ കൃഷി രീതിയും കൊണ്ടുവരും.

'' ജില്ലയിൽ തരിശായിക്കിടക്കുന്ന സ്ഥലങ്ങൾ നിരവധിയാണ്. ഇവ വീണ്ടെടുത്ത് കൃഷിയ്ക്ക് അനുയോജ്യമാക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിലൂടെ

ജില്ലയെ കാർഷികമേഖലയിൽ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം''

ടി.ഡി മീന,

ഡെപ്യൂട്ടി ഡയറക്ടർ

ജലവിനിയോഗം

പുതുതലമുറയെ കൃഷി പഠിപ്പിക്കാൻ
ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: കൃഷി സംസ്‌കാരമായി മാറുന്ന തരത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾക്കായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന 'കൃഷിപാഠം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ കാർഷികചിന്തകളും അഭിരുചിയും അഭിനിവേശവും വളർത്തിയെുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷണാത്മകരീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിൽ താല്പര്യമുള്ള 50 കുട്ടികളുടെ കൃഷിക്കൂട്ടം രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ 10 മുതൽ 20 ശതമാനം വരെയുള്ളവർ അംഗങ്ങളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രദേശത്തെ മികച്ച കർഷകർ, കൃഷി ഓഫീസർമാർ, ശാസ്ത്ര അദ്ധ്യാപകർ തുടങ്ങിയവർ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പഞ്ചായത്തടിസ്ഥാനത്തിൽ രൂപീകരിക്കും. വിദ്യാർത്ഥികളുടെ ദൈനം ദിന കാർഷിക പ്രവർത്തികൾ ഇതുവഴി പങ്കുവെയ്ക്കാം.

പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്ക് ബി.ആർ.സി തലങ്ങളിൽ ഏകദിന പരിശീലനം നൽകും. വിദ്യാർത്ഥികൾക്ക് കാർഷിക ശിൽപ്പശാല സംഘടിപ്പിക്കും. വിദ്യാലയത്തിൽ നഴ്‌സറികൾ സ്ഥാപിക്കുക, വിദ്യാർത്ഥികൾക്ക് നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കും. പദ്ധതിയിൽ അംഗമാവുന്ന ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വീടുകളിൽ പരിശീലനം നൽകും. ലഭിക്കുന്ന ഉത്പ്പന്നങ്ങൾ വിദ്യാലയ അടുക്കളയിലേക്ക് വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ലഭിക്കുന്ന വരുമാനം കൃഷി ക്കൂട്ടത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്യും. പദ്ധതിയിൽ അംഗമാവുന്ന മുഴുവൻ വിദ്യാലയങ്ങളിലും കൃഷത്തോട്ടങ്ങൾ ഒരുക്കണം. പച്ചക്കറിത്തോട്ടത്തിലെ ഉത്പ്പന്നങ്ങൾ സ്‌കൂൾ അടുക്കളയിലും പുറത്തും വിൽക്കാം.

നല്ല വിദ്യാലയ പച്ചക്കറിത്തോട്ടവും വിദ്യാർത്ഥികളിൽ നിന്ന് നല്ല കർഷകരെയും തെരഞ്ഞെടുക്കും. ബി.ആർ.സി തലത്തിലും ജില്ലാതലത്തിലും വിജയികളെ കണ്ടെത്തി ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു