kunnamangalam-news
പഴശ്ശിരാജയെ സ്മരിക്കാൻ എൻ.ഐ.ടി.കെ വെള്ളമുണ്ടയിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തുന്നു

കുന്ദമംഗലം: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ കേരളവർമ്മ പഴശ്ശിരാജയുടെ പൈതൃകം വിളിച്ചോതുന്ന സിമ്പോസിയവും പോസ്റ്റർ പ്രദർശനവും 'റിഇൻവെന്റിങ് ദ ലോസ്റ്റ് ഹെറിറ്റേജ് ഓഫ് പഴശ്ശിരാജ' എന്ന പേരിൽ സംഘടിപ്പിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മുഖ്യാതിഥിയായി. പഴശ്ശിയുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതം പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ ആസൂത്രണ സമിതി അംഗം എ.എൻ പ്രഭാകരൻ, എൻ.ഐ.ടി.സി ഡി.എ.പി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. കസ്തൂർബ എ.കെ, പ്രൊഫ.ജെ.രാഘവയ്യ, ദേശീയ സ്മാരക അതോറിറ്റി അംഗം പ്രൊഫ.കൈലാഷ് എം. റാവു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എൻ.ഐ.ടി.സിയിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനത്തിൽ പഴശ്ശിരാജയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ചരിത്രവും ഒപ്പം പൈതൃക പരിപാലനത്തിനും പ്രദേശത്തിന്റെ ടൂറിസം വികസനത്തിനുമുള്ള നിർദ്ദേശങ്ങളും അവതരിപ്പിച്ചു.