kozhikode

# ചർച്ച ചെയ്യാത്ത തീരുമാനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

# ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

കോഴിക്കോട് : കോർപ്പറേഷന്റെ വാർഷിക പദ്ധതി പൂർത്തീകരണത്തിനായി സർക്കാർ അധിക വിഹിതമായ അനുവദിച്ച 16.07 കോടി രൂപ വിവിധ പദ്ധതികൾക്കായി വിനിയോഗിക്കും. മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗമാണ് ഇത് അംഗീകരിച്ചത്. ചർച്ച ചെയ്യാതെയും പ്രാധാന്യം കണക്കിലെടുക്കാതെയുമാണ് പദ്ധതികൾക്ക് തുക നീക്കിവെച്ചതെന്ന് ആരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി. അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ 75.6 കോടിയായിരുന്നു വാർഷിക പദ്ധതി. ഇതോടെ 91.75 കോടിയുടെതായി. അധികം അനുവദിച്ച തുകയിൽ 20 ശതമാനം ലൈഫ് പദ്ധതിയ്ക്കും പത്ത് ശതമാനം വനിതകൾക്കായുള്ള പദ്ധതികൾക്കും അഞ്ച് ശതമാനം കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി അനുവദിച്ചു. ഈ വർഷം പൂർത്തീകരിക്കേണ്ട പദ്ധതികളായ കോർപ്പറേഷൻ ഓഫീസ് നവീകരണം, കോവൂർ കമ്മ്യൂണിറ്റി ഹാൾ നിർമാണം, ജൂബിലി ഹാൾ നവീകരണം എന്നിവയ്ക്കെല്ലാം തുക നീക്കിവെച്ചു. അത്യാവശ്യമായി പൂർത്തീകരിക്കേണ്ട തോടുകളുടെ ശുചീകരണം ഉൾപ്പെടെയുള്ളവ പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷവും ഭരണപക്ഷത്തെ ചില കൗൺസിലർമാരും വിമർശനം ഉന്നയിച്ചു. മഞ്ചക്കൽ തോടിന് ഫണ്ട് മാറ്റിവെക്കാത്തതിൽ ഭരണ പക്ഷ അംഗമായ എൻ.സി. മോയിൻകുട്ടി പ്രതിഷേധം ഉയർത്തി. കോർപ്പറേഷൻ ഓഫീസ് നവീകരണത്തിനായി വീണ്ടും ഫണ്ട് നീക്കിവെച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. നിർബന്ധമായും ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കേണ്ട പദ്ധതികൾക്കാണ് തുക നീക്കിവെച്ചതെന്ന് ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സ്ഥിരം സമിതികളുടെ ശുപാർശയാണ് നടപ്പിലാക്കിയത്. തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷ ശ്രമമെന്നും വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ദുരുദ്ദേശമാണ് പ്രതിപക്ഷത്തിനുള്ളതെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.

പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ബി.ജെ.പി കൗൺസിൽപാർട്ടി ലീഡർ നവ്യഹരിദാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ, കെ. മൊയ്തീൻകോയ, ടി. റനീഷ്, വി.പി. മനോജ്, എം.സി. സുധാമണി എന്നിവർ സംസാരിച്ചു.

അംഗീകാരം നേടിയ പദ്ധതികൾ

സ്ത്രീകൾക്ക് ജിംനേഷ്യം , ആയോധന കല, മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് മുലയൂട്ടൽ സംവിധാനവും റെസ്റ്റ് റൂമും, സൈക്കിൾ ഷെഡ് നിർമാണം, വയോജനങ്ങൾക്ക് 40 കേന്ദ്രങ്ങളിൽ തണലിടം , ചെറുവണ്ണൂർ സോണൽ ഓഫീസിലെ നെറ്റ് വർക്കിംഗ് മാറ്റി സ്ഥാപിക്കൽ, സെർവർ റൂം നവീകരണം, വ്യക്തിഗത സ്വയം തൊഴിൽ ആരംഭിക്കുന്നതിനുള്ള സഹായം , എലത്തൂർ പ്രീമെട്രിക് ഹോസ്റ്റൽ നവീകരണം , അങ്കണവാടി ക്രാഡിൽ ആധുനിക വത്കരണം .