kopra
kopra

കോഴിക്കോട്: കേന്ദ്ര സർക്കാർ നാഫെഡ് മുഖേന നടത്തുന്ന കൊപ്ര സംഭരണത്തിനായി കേരളത്തിൽ കൂടുതൽ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.കെ.രാഘവൻ എം.പി മുഖ്യമന്ത്രി, കൃഷി മന്ത്രി, സഹകരണമന്ത്രി എന്നിവരോടാവശ്യപ്പെട്ടു.

സംഭരണകേന്ദ്രങ്ങളുടെ അഭാവത്താൽ 50000 ടൺ സംഭരിക്കാനുള്ള അനുമതിയുണ്ടായിട്ടുപോലും 8 മാസം കൊണ്ട് 300 ടണ്ണിൽ താഴെ മാത്രമാണ് കേരളത്തിൽ സംഭരണം നടത്തിയത്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ കർഷകർക്ക് പദ്ധതികൊണ്ട് ഈ വർഷം പ്രയോജനം ലഭിച്ചില്ല. ഈ വർഷത്തെ സംഭരണത്തിനുള്ള തീയതി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിൽ അടുത്ത വർഷത്തെ സംഭരണത്തിനായി കൃഷി വകുപ്പിന്റെയും, സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരണം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിപണി വിലയേക്കാൾ കൂടുതൽ തുക സംഭരണ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ലഭിക്കുമ്പോൾ, അതിന് പ്രാധാന്യം നൽകേണ്ടത്, വിള പരിപാലനചെലവ് കൂടുതലും കാർഷിക ഉത്പ്പന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കാത്തതുമായ ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. കൂടാതെ കൊപ്രയുടെ വില നാഫെഡിൽ നിന്നും നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതിനാൽ ഈ മേഖലയിൽ പഴയതുപോലെ ക്രമക്കേടുകൾക്ക് സാഹചര്യമില്ല. ഇതിന് പുറമേ നിർത്തലാക്കിയ പച്ചതേങ്ങ സംഭരണം പ്രാഥമിക സഹകരണ സംഘങ്ങൾ വഴി മിനിമം താങ്ങുവിലയോട് കൂടി പുന:സ്ഥാപിക്കാനാവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.