മാവൂർ: എടവണ്ണപ്പാറ, മാവൂർ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ബസ് തൊഴിലാളികൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഇന്നലെ കോഴിക്കോട് അസി.പൊലീസ് കമ്മിഷണർ സുദർശനന്റെ നേതൃത്വത്തിൽ ബസ് തൊഴിലാളികൾ, ബസ് ഓണേഴ്സ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കഴിഞ്ഞ ദിവസം എടവണ്ണപ്പാറ കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡി.ജെ ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മിഷണർ ഉറപ്പുനൽകി.
ബസ് ജീവനക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച വീണ്ടും യോഗം ചേരും.