കോഴിക്കോട്: ഇടിമിന്നലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശം. ചെലവൂർ ഭാഗത്ത് വൈകിട്ടുണ്ടായ ഇടിമിന്നലിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി ബോധം കെട്ടുവീണു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. ചെലവൂർ പാറപ്പുറത്ത് വീട്ടിൽ സുജിത (40)യാണ് വീണത്. വൈകീട്ട് റോഡിലൂടെ നടന്നുവരികയായിരുന്ന സുജിത സമീപത്തെ വീട്ടിൽ ഇടിമിന്നലിലുണ്ടായ പൊട്ടിത്തെറിയിൽ കോൺക്രീറ്റ് ചീളുകൾ തെറിച്ച് ദേഹത്ത് വീണാണ് റോഡിൽ വീണത്. ഓടിക്കൂടിയ നാട്ടുകാർ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വള്ളിക്കാട്ട് ജിജേഷിന്റെ വീടിന് ഭാഗികമായ നാശമുണ്ടായി. വയറിംഗ് പാടെ തകർന്നു. ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. ചുമരുകൾ തകർന്ന് വീടിന് പുറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും കേടുപാടുകളുണ്ടായി. തയ്യിൽ ഗുണപ്രസാദിന്റെ വീടിനും കേടുപാടുണ്ടായി. കിണറിന്റെ പമ്പ് സെറ്റിനും കേടുവന്നു. വള്ള്യക്കാട്ട് രാജന്റെ വീടിന്റെ കോൺക്രീറ്റും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ ഷൈജുവിന്റെ വീടിനും മിന്നലേറ്രു.