ബാലുശ്ശേരി: സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ മണ്ണ് കൂട്ടിയിട്ടത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. തേനാക്കുഴി വളവു മുതൽ കരുമല വളവ് വരെയാണ് അങ്ങിങ്ങായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. തേനാക്കുഴി ശിവപുരം എസ്.എം.എം.എ.യു.പി സ്കൂൾ, കരുമല ഇൻഡസ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നടന്നുപോകുന്ന റോഡരികിലാണ് വഴിമുടക്കിയായി മൺകൂനയുള്ളത്.
റോഡരികിൽ മണ്ണ് കൂട്ടിയിട്ടതിനാൽ കുട്ടികളും മുതിർന്നവരുമായ കാൽനടയാത്രക്കാർ റോഡിലൂടെ നടന്നു പോകേണ്ട ഗതികേടാണ്. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ പല ഭാഗത്തു നിന്നും കൊണ്ടുവന്ന മണ്ണാണ് കാൽനടയാത്രക്കാർക്ക് അപകടക്കെണിയാവുന്നത്. തേനാക്കുഴി വളവിലും കരുമല വളവിലും റോഡ് കഴിഞ്ഞുള്ള സ്ഥലം പൊതുവെ കുറവാണ്. തേനാക്കുഴി വളവിൽ റോഡിന്റെ വടക്ക് ഭാഗത്ത് തീരെ സ്ഥലമില്ല. റോഡിൽ നിന്ന് മാറി നിന്നാൽ 20 അടിയോളം താഴ്ചയുള്ള തോട്ടിലേയ്ക്ക് വിഴുന്ന സ്ഥിതിയാണ്. ഇവിടെ കൈവരികൾ പോലുമില്ല. അത്യാവശ്യം സ്ഥലമുണ്ടായിരുന്ന തെക്ക് ഭാഗത്ത് മണ്ണ് കുന്നുകൂടിക്കിടക്കുന്നതിനാൽ റോഡിൽ നിന്ന് മാറി നിൽക്കാൻ പോലും കഴിയില്ല. കരുമല വളവിലെ സ്ഥിതിയും മറിച്ചല്ല. കാൽനട യാത്രക്കാർക്ക് ദുരിതമായി മാറിയ റോഡരികിലെ മൺകൂനകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തേനാക്കുഴി, കരുമല നിവാസികൾ ആവശ്യപ്പെട്ടു.