തിരുവമ്പാടി: പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച ആരംഭിച്ച മുക്കം ഉപജില്ല സ്കൂൾ കായികമേള ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കായിക താരം അപർണ റോയ് ദീപ ശിഖ തെളിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി, രാധാമണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഓംകാര നാഥൻ, കെ.എം.ശിവദാസൻ, മനോജ് കുമാർ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, കെ.ജെ.ആന്റണി, സന്തോഷ് മുത്തേടം, എൻ.അബ്ദുൽ നാസർ, സജി ജോൺ, ജോളി ജോസഫ്, സിബി കുര്യാക്കോസ്, വിത്സൻ താഴത്തുപറമ്പിൽ, സിജോ മാളോല, ടോമി ചെറിയാൻ, എം.സുധീർ എന്നിവർ പ്രസംഗിച്ചു. മുക്കം ഉപജില്ലയിലെ 74 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിൽ 85 ഇനങ്ങൾ പൂർത്തിയായപ്പോൾ 253 പോയിന്റുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ മുന്നിലാണ്. 78 പോയിന്റുമായി ജി. എച്ച്. എസ്. എസ്. നീലേശ്വരം രണ്ടാം സ്ഥാനത്തും 63 പോയിന്റുമായി എം.കെ.എച്ച്. എം.എം.ഒ .വി.എച്ച്. എസ്.എസ് മുക്കം മൂന്നാം സ്ഥാനത്തുമാണ്. മത്സരങ്ങൾ ഇന്നവസാനിക്കും.