നാദാപുരം: നാദാപുരം ടൗണിലെ സ്വകാര്യ വ്യക്തിയുടെ കിണറിൽ എലി ചത്ത സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്‌ പ്രകാരം കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. ഒമ്പതോളം സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്ന സ്വകാര്യ വ്യക്തിയുടെ കിണറിലാണ് എലി ചത്തതിന്റെ അവശിഷ്ടം ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയത്. ഇൗ സ്ഥാപനങ്ങളിൽ അഞ്ചോളം സ്ഥാപനങ്ങൾ ഭക്ഷണം വില്പന നടത്തുന്നവയാണ്. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. കെ പ്രിജിത് എന്നിവർ സ്ഥലം പരിശോധിച്ച് മൂന്നോളം കടകൾ അടപ്പിക്കുകയും ഭക്ഷണ വില്പന നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്പ്പിക്കുകയും ചെയ്തു. കിണറിലെ വെള്ളം മുഴുവൻ മാറ്റി ജല പരിശോധന നടത്തിയതിനു ശേഷം മാത്രമേ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിക്കുകയുള്ളു .അശ്രദ്ധയോടെയും അജാഗ്രതയോടെയും ശുദ്ധജല കുടിവെള്ള സ്രോതസ്സ് കൈകാര്യം ചെയതതിനു ഹമീദ് പുതിയക്കൽ, ചാലപ്പുറം എന്നവർക്കെതിരെ നിയമ നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. അലക്ഷ്യമായി ഹാർഡ് വെ യർ വസ്തുക്കൾ കിണറിനു ചുറ്റും സൂക്ഷിക്കുകയും എലികൾക്ക് വാസസ്ഥലം സാധ്യമാക്കുകയും ചെയ്ത കക്കാടാൻ ട്രേഡേഴ്‌സിന്റെ പ്രവർത്തനം മുഴുവൻ മാലിന്യവും നീക്കം ചെയ്യുന്നത് വരെ നിർത്തിവെച്ചു. നാദാപുരത്ത് മെഡിക്കൽ ഷോപ്പ് മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ച മെഡ് ക്യൂ മെഡിക്കൽസ് ഉടമക്ക് 2500 രൂപ പിഴ ചുമത്തി. പത്തോളം സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണർ പൂർണമായി സംരക്ഷിക്കുന്നതിന് ഉടമസ്ഥന് നോട്ടീസ് നൽകി. ഇത് പാലിക്കാത്ത പക്ഷം കിണർ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നാദാപുരത്ത് എലി ചത്ത നിലയിൽ കാണപ്പെട്ട കിണറിന്റെ പരിസരത്തുള്ള കട പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു