കോഴിക്കോട് : കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ നടപ്പാക്കുന്ന പുനർഗേഹം പദ്ധതി ഇനി വേഗത്തിലാകും. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് പദ്ധതിക്കായി വാങ്ങുന്ന ഭൂമി വില വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കളക്ടർ പറഞ്ഞു. പുനർഗേഹം ഗുണഭോക്താക്കളുടെ ഭൂമി വില നിർണ്ണയം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും കളക്ടർ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ചചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ജില്ലാതല നിർവഹണ സമിതി യോഗം ചേർന്നു. പുനർഗേഹം പദ്ധതിയുടെ പരോഗതി യോഗം ചർച്ച ചെയ്തു. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മഖേന നടപ്പാക്കുന്ന പദ്ധതിയാണ് പുനർഗേഹം. 323 അപേക്ഷകളിൽ 107 അപേക്ഷകൾ മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ച് രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തെ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ വി.കെ മോഹൻദാസ്, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. അനുഷ, സതി കിഴക്കയിൽ, പി. ശ്രീജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ ബി.കെ. സുധീർ കിഷൻ, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.